
കൊണ്ടോട്ടി : മുൻകൂട്ടി അറിയിക്കാതെ സ്‌പൈസ് ജെറ്റിന്റെ ദുബായ് സർവീസും എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ഷാർജ സർവീസും റദ്ദാക്കി; കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ. ബുധനാഴ്ച വൈകിട്ട് 6.40ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റാണ് അവസാന നിമിഷം സർവീസ് റദ്ദാക്കിയത്. തിങ്കളാഴ്ച വൈകിട്ടും ഇതേ സർവീസ് അവസാനനിമിഷം റദ്ദാക്കിയിരുന്നു. തുടർന്ന് തുക റീഫണ്ട് ചെയ്തു. വിസ കാലാവധി അവസാനിക്കാറായവരും അടിയന്തര ആവശ്യങ്ങൾക്ക് വിദേശത്തേക്ക് പോകേണ്ടവരുമാണ് വലഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ഷാർജ എക്‌സ്‌പ്രസ് വിമാനവും സാങ്കേതിക തകരാറുകൾ മൂലം മുടങ്ങി. സെക്യൂരിറ്റി ചെക്കിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ പൂർത്തിയാക്കി കാത്തിരുന്ന യാത്രക്കാരോട് വിമാനം പുലർച്ചെ ഒരു മണിക്ക് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. അടുത്ത വിമാനത്തിൽ യാത്രയ്ക്കുള്ള സൗകര്യമൊരുക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്ന് യാത്രക്കാർ മടങ്ങിപ്പോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |