SignIn
Kerala Kaumudi Online
Friday, 16 October 2026 2.01 AM IST

 ഇടുക്കിയിലെ സോളാർ വേലി പൊളിക്കൽ:...... അനധികൃത നിർമ്മാണമെന്ന് മന്ത്രി, ഗൂഢ ഉദ്ദേശ്യമെന്ന് പ്രതിപക്ഷം

a

തിരുവനന്തപുരം: ഇടുക്കി വനാതിർത്തിയിലെ സോളാർ ഫെൻസിംഗ് വനംവകുപ്പ് പൊളിക്കുന്നതിൽ ഗൂഢ ഉദ്ദേശ്യമുണ്ടെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. ചിന്നക്കനാൽ, ശാന്തൻപാറ വനാതിർത്തിയിലെ വേലികളാണ് പൊളിക്കുന്നത്. എന്നാൽ ആനത്താരയിലെ അനധികൃത നിർമ്മാണങ്ങളാണ് പൊളിച്ചതെന്ന് മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. ജനവാസമേഖലയിൽ ഒന്നും ചെയ്യരുതെന്ന് വനം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.യു. ജനീഷ്‌കുമാറാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. ജനവാസ മേഖലയിലെ വേലികളും മതിലുകളും പൊളിക്കാനുള്ള അധികാരം റവന്യു വകുപ്പിനാണെന്ന് ജനീഷ്‌കുമാർ പറഞ്ഞു. ആനത്താരയിലെ രണ്ട് റിസോർട്ടുകൾക്ക് നോട്ടീസ് നൽകിയപ്പോഴാണ് ചിലർ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് മന്ത്രി ഷിബു പറഞ്ഞു. 2022ലെ ഹൈക്കോടതി വിധി എതിരായിട്ടും പിണറായി സർക്കാർ റിസോർട്ടിനെതിരെ നടപടിയെടുത്തില്ല. ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടാണ് വേലി നീക്കിയതെന്നും മന്ത്രി പറഞ്ഞു.

നല്ല ഉദ്ദേശ്യത്തോടെയുള്ള തീരുമാനങ്ങളെ എതിർക്കരുതെന്ന് മന്ത്രി എ.പി. അനിൽ കുമാറും പറഞ്ഞു. തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. ഫെൻസിംഗ് മാറ്റിയപ്പോൾ ഡി.സി.സി പ്രസിഡന്റും കർഷകരും സമരം ചെയ്തത് റിസോർട്ടിന്റെ വക്താക്കളായതു കൊണ്ടാണോയെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു.

 സി.എച്ച്.ആർ ഭൂമി റവന്യു വകുപ്പിന്റേത്

ഇടുക്കിയിലെ കാർഡമം ഹിൽ റിസർവ് (സി.എച്ച്.ആർ) റവന്യു ഭൂമിയാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. എന്നാൽ ഇവിടം വനഭൂമിയാക്കാനാണ് ശ്രമമെന്ന് ജനീഷ് കുമാർ ആരോപിച്ചിരുന്നു.
വനഭൂമിയാക്കാൻ ശ്രമിച്ചത് ഇടത് സർക്കാരാണ് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതിയിൽ കേസ് വന്നപ്പോൾ ഭൂമി തങ്ങളുടേതാണെന്ന് പറഞ്ഞ് റവന്യു-വനം വകുപ്പുകൾ വ്യത്യസ്ത സത്യവാങ്മൂലങ്ങൾ നൽകി. അതിനാലാണ് അവിടെ നിർമ്മാണം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതുകാരണം 20,000 പട്ടയം കൊടുക്കാൻ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇടത് സർക്കാർ മണ്ണിൽ പണിയെടുക്കുന്നവർക്ക് ഒപ്പമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIYAMASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA