
കൊച്ചി: പിന്നാക്ക വിഭാഗങ്ങളിലെ അർഹരായവർക്ക് ആനുകൂല്യം ലഭിക്കും വിധം സംവരണ പട്ടിക കാലോചിതമായി പുതുക്കാൻ സംസ്ഥാന സർക്കാർ എന്തു നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് ഒരാഴ്ചയ്‌ക്കകം വിശദീകരണം നൽകാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
അർഹരായവർക്ക് മുഴുവൻ സംവരണാനുകൂല്യം ലഭിക്കും വിധം സംവരണ പട്ടിക പുതുക്കാനായി സാമൂഹിക, സാമ്പത്തിക സർവേ നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന 2020 ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിഅലക്ഷ്യ ഹർജിയാണ് പരിഗണിച്ചത്. 14ന് വീണ്ടും പരിഗണിക്കും.
സംവരണ പട്ടിക കാലോചിതമായി പുതുക്കണമെന്നാവശ്യപ്പെട്ട് മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് അടക്കം നൽകിയ ഹർജികളിലാണ് കോടതി ഉത്തരവുണ്ടായത്. മുസ്ലിങ്ങൾക്കും 70ലേറെ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും സർക്കാർ സർവീസിൽ മതിയായ പ്രാതിനിദ്ധ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് സംബന്ധിച്ച ഇന്ദ്ര സാഹ്നി കേസിലെ സുപ്രിംകോടതി വിധി പ്രകാരം 10 വർഷത്തിലൊരിക്കൽ സംവരണ പട്ടിക പുതുക്കണം. എന്നാൽ, ഇക്കാര്യത്തിൽ നടപടിയുണ്ടാകാത്തത് പിന്നാക്കക്കാരിലെ മുന്നാക്കക്കാർക്ക് മാത്രം ആനുകൂല്യം ലഭിക്കാൻ കാരണമാകുന്നുവെന്നായിരുന്നു ഹർജിയിലെ ആരോപണം. നേരത്തേ ഹർജി തീർപ്പാക്കിയ കോടതി, ആറ് മാസത്തിനകം സർവേ നടത്തി സംവരണ പട്ടിക പുതുക്കൽ നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും 2021ൽ തള്ളി. ഒരു വർഷത്തിനകം ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അഞ്ച് വർഷം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |