
കൊച്ചി: ക്രിസ്ത്യൻ വിവാഹമോചന നിയമത്തിലെ വിവേചനം അവസാനിപ്പിച്ച് ഹൈക്കോടതിയുടെ സുപ്രധാന വിധി. വിവാഹമോചനത്തിനായി ഭാര്യയ്‌ക്ക് താമസിക്കുന്ന സ്ഥലത്തെ കുടുംബക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വയനാട് സ്വദേശിനി നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. കാസർകോട് വിവാഹിതയായ ഹർജിക്കാരി, ഭർത്താവിന്റെ പീഡനം ആരോപിച്ച് വയനാട്ടിലെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. കൽപ്പറ്റ കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകിയെങ്കിലും, വിവാഹം നടന്നതോ ദമ്പതികൾ ഒന്നിച്ച് താമസിച്ചതോ ഭർത്താവ് നിലവിൽ താമസിക്കുന്നതോ ആയ സ്ഥലത്തെ കോടതിക്കേ അധികാരമുള്ളൂ എന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളി. ഇതിനെതിരെ നൽകിയ ഹർജി സിംഗിൾ ബെഞ്ചും നിരസിച്ചതോടെയാണ് ഹർജിക്കാരി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും ഭാര്യ താമസിക്കുന്ന സ്ഥലത്ത് ഹർജി നൽകാൻ വ്യവസ്ഥയുണ്ടെങ്കിലും ക്രൈസ്തവർക്ക് ബാധകമായ 1869ലെ ഡിവോഴ്സ് ആക്ടിൽ ഇതില്ലായിരുന്നു. ഈ വിവേചനം ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിയമത്തിലെ 'ഭർത്താവും ഭാര്യയും താമസിക്കുന്ന ഇടം" എന്ന വ്യവസ്ഥയെ വിശാലമായി വ്യാഖ്യാനിച്ച കോടതി, ഭാര്യ താമസിക്കുന്ന സ്ഥലത്തെ കോടതിക്കും അധികാരപരിധിയുണ്ടെന്ന് വ്യക്തമാക്കി. സിംഗിൾബെഞ്ച് ഉത്തരവ് റദ്ദക്കുകയും ചെയ്തു. ക്രിസ്ത്യൻ സ്ത്രീകൾക്ക് വിവാഹമോചനത്തിനായി ദൂരസ്ഥലങ്ങളിലെ കോടതികളെ ആശ്രയിക്കേണ്ടി വരുന്ന ബുദ്ധിമുട്ടിന് ഇതോടെ പരിഹാരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |