SignIn
Kerala Kaumudi Online
Friday, 09 October 2026 2.03 AM IST

വാട്ടർ അതോറിട്ടിക്ക് ഹൈക്കോടതി നിർദ്ദേശം,​ ശബരിമല തീർത്ഥാടന പാതയിലെ കെട്ടിടങ്ങൾ ബലപ്പെടുത്തണം

aa

കൊച്ചി: ശബരിമല തീർത്ഥാടന പാതയിലുള്ള വാട്ടർ അതോറിട്ടിയുടെ കെട്ടിടങ്ങൾ അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ മെയിൻ ബൂസ്റ്റർ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളാണ് ബലപ്പെടുത്തേണ്ടത്. നവംബർ 10നകം അറ്റകുറ്റപ്പണി പൂർത്തിയാക്കണം. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെതാണ് ഉത്തരവ്.

കെട്ടിട പുനർനിർമ്മാണത്തിനായി വാട്ടർ അതോറിട്ടി സമർപ്പിച്ച 3.21 കോടിയുടെ പദ്ധതി തീർത്ഥാടന കാലം കഴിഞ്ഞാലുടൻ ആരംഭിക്കണം. ഇതിന് സർക്കാർ വേഗത്തിൽ ഭരണാനുമതി നൽകണം.

അറ്റകുറ്റപ്പണികളുടെ പുരോഗതി ശബരിമല ഡെവലപ്‌മെന്റ് പ്രോജക്ട് എക്സിക്യുട്ടീവ് എൻജിനിയർ വിലയിരുത്തണം. സ്ട്രക്ചറൽ എൻജിനിയറുടെ സഹായത്തോടെ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. വിഷയം 23ന് വീണ്ടും പരിഗണിക്കും.

ബൂസ്റ്റർ സ്റ്റേഷനുകളുള്ള കെട്ടിടങ്ങളുടെ ശോച്യാവസ്ഥ സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഇക്കാര്യം പരിശോധിച്ച കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ നേരിട്ട് സ്ഥിതി വിശദീകരിച്ചു. പമ്പ് ഹൗസുകൾ പൂർണമായി പുനരുദ്ധരിക്കുന്നത് തീർത്ഥാടന കാലത്തിന് ശേഷം മതിയെന്നും, താത്കാലിക ബലപ്പെടുത്തലുകൾ നടത്തി പ്രവർത്തനസജ്ജമാക്കണമെന്നുമാണ് ശുപാർശ.

സ്ലാബുകൾക്കും ബീമുകൾക്കും താത്കാലിക താങ്ങുകൾ നൽകുക, കോൺക്രീറ്റ് അടർന്നുവീഴുന്നത് തടയുക, ജനലുകളും വാതിലുകളും അറ്റകുറ്റപ്പണി നടത്തുക, പരിസരത്തെ കാടു വെട്ടിത്തെളിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. ഇതിനായി 10 ലക്ഷം രൂപ മതിയാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA