SignIn
Kerala Kaumudi Online
Thursday, 29 October 2026 1.11 AM IST

ചികിത്സാ പിഴവിൽ 9 വിരലുകൾ നഷ്ടമായെന്ന പരാതി: എസ്.ഐ.ടി അന്വേഷണത്തിന് ഉത്തരവ്

READ ENGLISH VERSION
investigation

കൊച്ചി: സൗന്ദര്യ വർദ്ധക ശസ്ത്രക്രിയയ്‌ക്കു പിന്നാലെയുണ്ടായ പാർശ്വഫലങ്ങളെ തുടർന്ന് യുവതിക്ക് ഒമ്പത് കൈവിരലുകൾ നഷ്ടമായെന്ന കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം 'കോസ്മെറ്റിക് ഹോസ്പിറ്റലി"ലെ ചികിത്സയിൽ പിഴവ് ആരോപിച്ച് സോഫ്റ്റ്‌വെയർ പ്രൊഫഷണലായ മുട്ടത്തറ സ്വദേശി നീതു സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഉത്തരവ്.

ചികിത്സാപ്പിഴവും തുടർചികിത്സയിൽ അവഗണനയുമുണ്ടായെന്ന വാദം ജില്ലാ, സംസ്ഥാന തല വിദഗ്ദ്ധസമിതികൾ സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ് കോടതിയുടെ അനുമതി തേടിയിരുന്നു. തുടർന്നാണ് നീതു എസ്.ഐ.ടി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വിരലുകൾ മുറിച്ചതിനാൽ ജോലി ചെയ്യാനാകാത്ത കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു ഡേ കെയർ സെന്റർ മാത്രമായ ആശുപത്രിയിൽ ഇത്രയും സങ്കീർണമായ ശസ്ത്രക്രിയ നടത്തിയത് ഗുരുതര വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. ശസ്ത്രക്രിയയ്‌ക്ക് ശേഷം രക്തസമ്മർദ്ദം കുറഞ്ഞപ്പോൾ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാതിരുന്നതും ആംബുലൻസ് പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്നതും വീഴ്ചയുടെ ആക്കം കൂട്ടുന്നു. തെളിവുകളുടെ അഭാവത്തിൽ, എതിർകക്ഷികളായ ഡോക്ടർമാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ ഈ ഘട്ടത്തിൽ കഴിയില്ലെങ്കിലും സിവിൽ നടപടികളിലൂടെ നഷ്ടപരിഹാരം ഈടാക്കുന്നതിനായി ഈ വശങ്ങൾ പരിശോധിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

പൊലീസ് നേരത്തെ സമർപ്പിച്ച റിപ്പോർട്ട് തള്ളിയാണ് ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം നിർദ്ദേശിച്ചത്. രണ്ടാഴ്ചയക്കകം എസ്.ഐ.ടി രൂപീകരിക്കണമെന്നും ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകമെന്നുമാണ് ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA