
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പ് കവർ സ്‌റ്റോറിയായി ഉൾപ്പെടുത്തിയ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങിയില്ല. 'കള്ളൻ വിജയൻ" എന്ന പേരിൽ അവസാന പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തെച്ചൊല്ലിയുള്ള തർക്കമാണ് കാരണമെന്നാണ് സൂചന.
വി.എസിന്റെ ഒന്നാം ചരമവാർഷികത്തിനോടനുബന്ധിച്ചാണ് വാരാന്തപ്പതിപ്പിൽ വി.എസ് ഓർമ്മക്കുറിപ്പ് ഉൾപ്പെടുത്തിയിരുന്നത്. വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും വിവരാവകാശ കമ്മിഷണറുമായിരുന്ന കെ.വി.സുധാകരൻ എഴുതിയ 'മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം" എന്ന പേരിലുള്ളതാണ് ഓർമ്മക്കുറിപ്പ്. പതിപ്പിന്റെ അവസാന പേജിൽ ടി.സി.രാജേഷ് എഴുതിയ 'കള്ളൻ വിജയൻ ധന്യ നാടക ഗ്രാമം മുത്തിപ്പാറ പി.ഒ" എന്ന തലക്കെട്ടിലുള്ള ലേഖനത്തെച്ചൊല്ലി എഡിറ്റോറിയൽ ബോർഡിൽ തർക്കമുണ്ടായെന്നാണ് സൂചന. പുല്ലാംപാറ ഗ്രാമപഞ്ചായത്തിലെ മുട്ടിപ്പാറയിലെ വിജയൻ എന്ന നാടകപ്രവർത്തകനെക്കുറിച്ചാണ് ലേഖനം. വിജയന്റെ ഉടമസ്ഥതയിലുള്ളതാണ് ധന്യ നാടക ഗ്രാമം. മാതാപിതാക്കൾ ഓമനിച്ചു വിളിച്ച കൊച്ചുകള്ളനെന്ന പേര് പിന്നീട് പേരിനൊപ്പം ചേരുകയായിരുന്നു. 'കള്ളൻ വിജയൻ" എന്ന തലക്കെട്ട് അനാവശ്യ തെറ്റിദ്ധാരണകൾക്കും ട്രോളുകൾക്കും ഇടയാക്കുമെന്ന് എഡിറ്റോറിയൽ ബോർഡിലെ ചിലർ ചൂണ്ടിക്കാട്ടി. തുടർന്ന് വിതരണം തടയുകയായിരുന്നെന്നാണ് വിവരം.
വാരാന്തപ്പതിപ്പ് പുറത്തിറങ്ങാത്തത് സാങ്കേതിക കാരണങ്ങൾ കൊണ്ടാണെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം.സ്വരാജ് പറഞ്ഞു. വി.എസിന്റെ അനുസ്മരണക്കുറിപ്പ് ഒഴിവാക്കിയതല്ല. അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്. വാരാന്തപ്പതിപ്പ് ഇന്ന് പ്രസിദ്ധീകരിക്കും. 21ന് വി.എസിന്റെ അനുസ്മരണം സംബന്ധിച്ച് പ്രത്യേക പേജുമുണ്ടാവും. കള്ളൻ വിജയൻ എന്നൊരു ലേഖനമോ വാർത്തയോ ഇല്ല. ഒരു യൂണിറ്റിലെ പ്രശ്നം കാരണം സമയബന്ധിതമായി പത്രം അച്ചടിക്കുന്നതിൽ പ്രശ്നം നേരിട്ടിരുന്നുവെന്നും സ്വരാജ് പറഞ്ഞു. ലേഖനത്തിനായി പത്രത്തിൽ നിന്ന് വിളിച്ചിരുന്നതായും ഫോട്ടോയും വിവരങ്ങളും നൽകിയെന്നും നാടക പ്രവർത്തകനായ വിജയൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |