
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും എം.എൽ.എയുമായ എ.സി. മൊയ്‌തീനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. ഇ.ഡി ആവശ്യപ്പെട്ട രേഖകൾ എല്ലാം ഹാജരാക്കിയെന്നും ആവശ്യപ്പെട്ടാൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ രണ്ട് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി പിൻവലിക്കാൻ കത്തുനൽകി. ഇത് പരിശോധിക്കാമെന്ന് ഇ.ഡി ഉറപ്പുനൽകിയെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ഇന്ന് രാവിലെ 9.30ഓടെയാണ് എ.സി. മൊയ്‌തീൻ ഇ.ഡിക്ക് മുന്നിൽ ഹാജരായത്. നേരത്തെ രണ്ടുതവണ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം എത്തിയില്ല. തൃശൂർ കോർപറേഷൻ കൗൺസിലംഗവും സി.പി.എം നേതാവുമായ അനൂപ് ഡേവിഡ് കാട, വടക്കാഞ്ചേരി നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ആർ അരവിന്ദാക്ഷൻ എന്നിവരും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇവരെ മുൻപും ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. തനിക്ക് തട്ടിപ്പുമായി ബന്ധമില്ലെന്നാണ് അനൂപ് ഡേവിഡ് പ്രതികരിച്ചത്.
കഴിഞ്ഞ പത്ത് വർഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളുമടക്കം ഹാജരാക്കാനാണ് എ സി മൊയ്‌തീനോട് ഇ ഡി ആവശ്യപ്പെട്ടത്. തന്റെ അഭിഭാഷകനൊപ്പമാണ് കൊച്ചിയിലെ ഇ ഡി ഓഫീസിൽ അദ്ദേഹം എത്തിയത്.
കരുവന്നൂർ ബാങ്കിലെ മുൻ മാനേജരും തട്ടിപ്പിൽ അന്വേഷണം നേരിടുന്നയാളുമായ ബിജു കരീമിന്റെ ബന്ധുവാണ് എ സി മൊയ്‌തീൻ. വ്യാജ രേഖകൾ കാണിച്ച് മൊയ്‌തീന്റെ ബിനാമികൾ കരുവന്നൂർ ബാങ്കിൽ നിന്ന് ലോൺ നേടിയെന്നും ഇത് മൊയ്‌തീന്റെ ശുപാർശയിലാണെന്നുമാണ് ഇ.ഡി വാദം. ഒപ്പം തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ സതീഷ് കുമാർ മൊയ്‌തീന്റെയും മുൻ എംപിയുടെയും ബിനാമിയാണെന്നും ഇ.ഡി മുൻപ് വ്യക്തമാക്കിയിരുന്നു. 2012 മുതലാണ് കരുവന്നൂർ ബാങ്കിൽ ബിനാമി ലോൺ തട്ടിപ്പ് ആരംഭിച്ചത്. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ സുഹൃത്തുക്കൾ മധു അമ്പലപുരം, ജിജോർ എന്നിവരെ മുൻപ് ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. തട്ടിപ്പിന് ഇവർ ഇടനിലക്കാരായിരുന്നു എന്ന വിവരമാണ് ഇ.ഡിയ്‌ക്കുള്ളത്. നേരത്തെ എ.സി മൊയ്‌തീന്റെയും ബിനാമി ബന്ധമുള്ളവരുടെയും വീട്ടിലടക്കം പരിശോധനയ്‌ക്ക് ശേഷമാണ് ഇ.ഡി ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. അതേസമയം മുൻ എം.പിയെ ബുധനാഴ്‌ച ഇ.ഡി വിളിപ്പിക്കും എന്നാണ് സൂചന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |