
പത്തനംതിട്ട : വനം വകുപ്പ് കോന്നി ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിൽ നിന്ന് വൻതോതിൽ മരങ്ങൾ അനധികൃതമായി വെട്ടിക്കടത്തിയ സംഭവത്തിൽ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. കോന്നി റേഞ്ച് ഓഫീസർ സഞ്ജീവിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. മരംകൊള്ള സംബന്ധിച്ച് കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ ഖോറി വിശദ വിവരങ്ങൾ തേടി.
നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ച് ഒാഫീസിന്റെ പരിധിയിലെ പരിസ്ഥിതി ലോല പ്രദേശത്തു നിന്ന് 108 മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയ സംഭവം കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസിലെ വിജിലൻസ് വിഭാഗവും അന്വേഷണം തുടങ്ങി. രേഖാമൂലം പരാതികൾ ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് ഡിവൈ.എസ്.പി ഹരി വദ്യാധരൻ പറഞ്ഞു.
സ്വകാര്യ വ്യക്തികൾ അവരുടെ പറമ്പിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് നിയമാനുസൃതമായി വനംവകുപ്പിൽ നിന്ന് വാങ്ങിയ പാസിന്റെ മറവിലായിരുന്നു മരം കൊള്ള. ചില വനംവകുപ്പ് ഉദ്യോഗസ്ഥരും തടിവെട്ടു കരാറുകാരും ചേർന്ന ലോബി റവന്യു ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമിയിൽ നിന്നും ആദിവാസികൾ താമസിക്കുന്ന വനഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തി. ഞാവനാൽ ചെക് പോസ്റ്റ് വഴി തടികൾ പത്തനാപുരത്തേക്കാണ് കൊണ്ടുപോയത്. ഇതേപ്പറ്റി വനംവകുപ്പ് ഇന്റലിജൻസിന് കൃത്യമായ വിവരം ലഭിച്ചിട്ടും മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തിരുന്നില്ല.
മരംകൊള്ള അറിയിച്ച
ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
നടുവത്തുമൂഴി റേഞ്ചിലെ മരം കൊള്ളയെപ്പറ്റി ഫോറസ്റ്റ് ഇന്റലിജൻസിനെയും മേലുദ്യോസ്ഥരെയും അറിയിച്ച പാടം സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് ബിലാലിനെ ഗവി സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. പാടം സ്റ്റേഷനിൽ നിന്ന് ഇദ്ദേഹത്തെ അടിയന്തരമായി വിടുതൽ ചെയ്യിച്ചു. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി അഞ്ച് വർഷത്തിനിടെ മൂന്ന് വനം ഡിവിഷനിലായി എട്ട് തവണയാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്.സംസ്ഥാനത്തെ വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ ജോലി ചെയ്യവെ അച്ചടക്ക നടപടിക്ക് വിധേയരായ ചിലരാണ് കോന്നി വനം ഡിവിഷനിലെ ഇന്റലിജൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |