
തൃശൂർ: സംസ്ഥാനത്ത് ബി.ജെ.പിയുടെ ജില്ലാതലം വരെയുള്ള സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായെന്ന് പ്രസിഡന്റ് കെ. സുരേന്ദ്രൻ. പുതിയ സംഘടനാ സംവിധാനമനുസരിച്ച് ആകെയുള്ള 30 ജില്ലകളിൽ 27 ജില്ലാ പ്രസിഡന്റുമാരെയാണ് പ്രഖ്യാപിച്ചത്. ഇതിൽ നാലുപേർ വനിതകളും മൂന്ന് പേർ ക്രൈസ്തവ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരും രണ്ട് പേർ എസ്.സി, എസ്.ടി വിഭാഗങ്ങളിൽ ഉൾപ്പെട്ടവരുമാണ്.
കാസർകോട്,മലപ്പുറം,തൃശൂർ ഈസ്റ്റ്,കൊല്ലം ജില്ലകളിലാണ് വനിതാ പ്രസിഡന്റുമാരുള്ളത്. തൃശൂർ ഈസ്റ്റ്,കോട്ടയം,ഇടുക്കി ജില്ലകളിലാണ് ക്രൈസ്തവ സമുദായത്തിൽ നിന്നുള്ളവർ പ്രസിഡന്റുമാരായത്. രണ്ട് പേർ എസ്.സി,എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.
കേരളത്തിലെ 25,400 ബൂത്തിൽ 18,000 ബൂത്തിലും വ്യവസ്ഥാപിതമായ കമ്മിറ്റി രൂപീകരിച്ചു. കേരളത്തിൽ സി.പി.എം കഴിഞ്ഞാൽ ഏറ്റവുമധികം ബൂത്തുള്ള രാഷ്ട്രീയ പാർട്ടി ബി.ജെ.പിയാണെന്നും കോൺഗ്രസിന് പോലും ബൂത്ത് കമ്മിറ്റികൾ ഇല്ലാത്ത സ്ഥലങ്ങളിൽ ബി.ജെ.പി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. 30 ശതമാനം സ്ഥലങ്ങളിൽ വനിതകളാണ് ബൂത്ത് പ്രസിഡന്റുമാർ. മണ്ഡലം പ്രസിഡന്റുമാരിൽ 14 പേർ ക്രൈസ്തവ സമുദായത്തിൽ നിന്നുള്ളവരും 34 പേർ വനിതകളുമാണ്. സംസ്ഥാന പ്രസിഡന്റിനെ കേന്ദ്രനേതൃത്വം ഉടൻ പ്രഖ്യാപിക്കും. ഒരു ജില്ലയിലെങ്കിലും സി.പി.എമ്മിനോ കോൺഗ്രസിനോ വനിതകളെ ജില്ലാ സെക്രട്ടറിമാരാക്കാൻ സാധിക്കുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.
സന്ദീപ് വാര്യർ പാല വീണ
ചെകുത്താനെ പോലെ
സന്ദീപ് വാര്യർ പാല വീണ ചെകുത്താനെ പോലെ നടക്കുകയാണ്. സന്ദീപ് അങ്ങോട്ട് പോയിട്ട് ഒന്നും നടന്നില്ല. പിന്നെങ്ങനെ സന്ദീപ് ബി.ജെ.പിയിൽ നിന്നും ആളുകളെ കോൺഗ്രസിലേക്ക് കൊണ്ടുപോകും. പാലക്കാട്ട് നഗരസഭാ ഭരണത്തിന് ഒന്നും സംഭവിക്കില്ല. ബി.ഡി.ജെ.എസ് എൻ.ഡി.എ വിടുമെന്ന് കരുതുന്നില്ല. യുവാക്കളെ പരിഗണിച്ചപ്പോൾ മുതിർന്നവരെ അവഗണിച്ചെന്ന വാദമാണ് മാദ്ധ്യമങ്ങൾ ഉയർത്തുന്നത്. പാലക്കാട് ജില്ലാ പ്രസിഡന്റിന്റെ കഴിവുകളെ ജനം തിരിച്ചറിഞ്ഞു. സംഘടനയ്‌ക്കെതിരെ പരസ്യ വിമർശനത്തിന് മുതിർന്നാൽ നടപടി നേരിടേണ്ടി വരുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
മൂന്നിടങ്ങളിൽ പ്രസിഡന്റുമാരായില്ല
തിരുവനന്തപുരം: മൂന്നിടങ്ങളിൽ ഇനിയും പ്രസിഡന്റുമാരെ നിശ്ചയിക്കാനുണ്ട്. ഒരാഴ്ചക്കുള്ളിൽ സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷമായിരിക്കും ഇത് നിശ്ചയിക്കുക. തിരുവനന്തപുരം നോർത്ത്,പത്തനംതിട്ട,ഇടുക്കി നോർത്ത് ജില്ലകളിലാണ് പ്രസിഡന്റുമാരെ നിയമിക്കാനുള്ളത്. നേരത്തെ നിയമസഭാമണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി.
പുതിയ ജില്ലാ
പ്രസിഡന്റുമാർ
തിരുവനന്തപുരംസിറ്റി കരമന ജയൻ,തിരുവനന്തപുരംസൗത്ത് മുക്കം പാലമൂട് ബിജുകുമാർ,കൊല്ലം വെസ്റ്റ് എസ്.പ്രശാന്ത്,കൊല്ലം ഈസ്റ്റ് രാജി പ്രസാദ്,ആലപ്പുഴ സൗത്ത് സന്ദീപ് വാചസ്പതി,ആലപ്പുഴ നോർത്ത് പി.കെ.ബിനോയ്,ഇടുക്കി സൗത്ത് വി.സി.വർഗീസ്,കോട്ടയം വെസ്റ്റ് ലിജിൻ ലാൽ,കോട്ടയം ഈസ്റ്റ് റോയ് ചാക്കോ,എറണാകുളം സിറ്റി കെ.എസ് .ഷൈജു,എറണാകുളം നോർത്ത് ബ്രഹ്മരാജ്,എറണാകുളം ഈസ്റ്റ് പി.പി.സജീവ്,തൃശൂർ സിറ്റി ജസ്റ്റിൻ ജേക്കബ്,തൃശൂർ വെസ്റ്റ് നിവേദിതസുബ്രഹ്മണ്യൻ,തൃശൂർ സൗത്ത് എ.ആർ.ശ്രീകുമാർ,പാലക്കാട് നോർത്ത് വേണുഗോപാൽ,പാലക്കാട് സൗത്ത് പ്രശാന്ത് ശിവൻ,മലപ്പുറം സെൻട്രൽ പി.സുബ്രഹ്മണ്യൻ,മലപ്പുറം ഈസ്റ്റ് പി.ആർ.രശ്മിൽനാഥ്, മലപ്പുറം വെസ്റ്റ് ദീപ പുഴക്കൽ,കോഴിക്കോട് സിറ്റി പ്രകാശ് ബാബു,കോഴിക്കോട് റൂറൽ ടി.ദേവദാസ് മാസ്റ്റർ,കോഴിക്കോട് നോർത്ത് സി.ആർ.പ്രഫുൽ കൃഷ്ണൻ,വയനാട് പ്രശാന്ത് മലവയൽ,കണ്ണൂർ സൗത്ത് ബിജു എളക്കുഴി,കണ്ണൂർ സൗത്ത് കെ.കെ.വിനോദ് കുമാർകാസർഗോഡ് എം.എൽ.അശ്വിനിഎന്നിവരാണ് ഇന്നലെ ചുമതലയേറ്റത്.
പ്രശാന്ത് ശിവൻ അദ്ധ്യക്ഷൻ
പാലക്കാട്: രണ്ടു ദിവസം നീണ്ടുനിന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ ആർ.എസ്.എസിന് വഴങ്ങി ,വിമത ഭീഷണി മുഴക്കിയ പാലക്കാട്ടെ ബി.ജെ.പി കൗൺസിലർമാർ. നഗരസഭ ചെയർപേഴ്സൺ ഉൾപ്പെടെയുള്ള വിമത കൗൺസിലർമാർ രാജി വയ്ക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി. അതിനിടെ ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവൻ ചുമതലയേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |