
തിരുവനന്തപുരം: നിയമസഭയുടെ അന്തസ് പാലിക്കണമെന്നും സ്പീക്കറുടെ മുഖം മറച്ചും പുറംതിരിഞ്ഞും തലങ്ങും വിലങ്ങും സഭയിലൂടെ നടക്കുന്നത് ഒഴിവാക്കണമെന്നും പുതിയ അംഗങ്ങൾക്ക് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദ്ദേശം നൽകി. വഴിതെറ്റി സ്പീക്കർക്കു മുന്നിലുള്ള വെല്ലിന് അടുത്തെത്തിയവരുമുണ്ട്. 71പുതിയ അംഗങ്ങളാണ് സഭയിലുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള സഭയുടെ അന്തസ് എല്ലാവരും പാലിക്കേണ്ടതുണ്ട്. അംഗങ്ങൾ തമ്മിൽ അന്യോന്യം ബഹുമാനവും ഉണ്ടാവണം. അന്തസിന് വിരുദ്ധമായ നടപടികൾ ഉണ്ടാവരുതെന്നും സ്പീക്കർ റൂളിംഗ് നൽകി.
പുതിയ അംഗങ്ങൾ മുതിർന്നവരോട് സഭയിലെ പെരുമാറ്റവും പാലിക്കേണ്ട മര്യാദകളും സംബന്ധിച്ചു ചോദിച്ചു മനസിലാക്കണം. അന്യോന്യം കുശലം പറച്ചിലും വർത്തമാനവുമൊക്കെ ആവാം. അത് സഭയുടെ അന്തസിന് വിരുദ്ധമാവരുത്. വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് 17നു പുതിയ അംഗങ്ങൾക്കായി പരിശീലന സെമിനാർ ഒരുക്കുന്നുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പങ്കെടുക്കും. ചൊവ്വാഴ്ച സഭയുടെ തുടക്കമായിരുന്നതിനാൽ പല കാര്യങ്ങളിലും അംഗങ്ങൾക്ക് സ്വാതന്ത്ര്യവും ഇളവും നൽകിയിരുന്നെന്നും ഇനിയത് തുടരില്ലെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു. ഇന്നലെ ശൂന്യവേള അവസാനിച്ചതിനു പിന്നാലെയായിരുന്നു സ്പീക്കറുടെ പ്രത്യേക റൂളിംഗ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |