SignIn
Kerala Kaumudi Online
Sunday, 02 August 2026 3.14 AM IST

യുവതിയെയും കുഞ്ഞിനെയും കടലിൽ തള്ളിക്കൊന്ന കേസിൽ കുറ്റം ചുമത്തി

a

തിരുവനന്തപുരം: യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി കുറ്റം ചുമത്തി. ജഡ്ജി അനിറ്റ് ജോസഫ് കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.

പൂവാർ മണ്ണാംവിളാകം മാഹിൻ മൻസിലിൽ മാഹിൻകണ്ണ് (45), ഭാര്യ റുഖിയ (38) എന്നിവരാണ് പ്രതികൾ. മാറനല്ലൂർ വെള്ളൂർകോണം അംബിക വിലാസത്തിൽ ദിവ്യയും (23) രണ്ടര വയസ്സുള്ള മകൾ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. 2011 ഓഗസ്റ്റ് 18-നാണ് സംഭവം.

മാഹിൻകണ്ണുമായി പ്രണയത്തിലായ ദിവ്യ ഊരുട്ടമ്പലത്തെ വാടക വീട്ടിൽ ഇയാളോടൊപ്പം താമസിച്ചിരുന്നു. ദിവ്യ ഗർഭിണിയായതിനെ തുടർന്ന് വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു മാറിയ മാഹിൻകണ്ണ് വിദേശത്തേക്ക് പോയി. പ്രസവ ശേഷം നാട്ടിലെത്തിയ ഇയാളെ ദിവ്യയുടെ ബന്ധുക്കൾ വീട്ടിലേക്ക് കൊണ്ടു വന്നു. ഒരുമിച്ച് താമസിക്കുന്നതിനിടെയാണ് മാഹിൻകണ്ണ് നേരത്തേ വിവാഹിതനാണെന്ന വിവരം ദിവ്യ അറിയുന്നത്.തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നു.

സംഭവ ദിവസം താനും കുഞ്ഞും മാഹിൻകണ്ണിനൊപ്പം പുറത്തേക്ക് പോകുകയാണെന്ന് ദിവ്യ അമ്മ രാധയെ അറിയിച്ചിരുന്നു. തുടർന്ന് ഇരുവരെയും കാണാതായി. ദിവ്യ വേളാങ്കണ്ണിയിലുണ്ടെന്നും അവരെ കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞ് മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.പിന്നീട്,

ഊരുട്ടമ്പലത്ത് നിന്ന് ഓട്ടോറിക്ഷയിൽ പൂവാർ വഴി തമിഴ്നാട്ടിലെ ഇരയ്യിമ്മൻ തുറയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ കടൽത്തീരത്ത് എത്തിച്ച ശേഷം ദിവ്യയെയും കുഞ്ഞിനെയും കടലിൽ തള്ളിയിട്ട് മാഹിൻകണ്ണ് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ദിവ്യയുടെയും കുഞ്ഞീന്റെയും മൃതദേഹങ്ങൾ രണ്ട് ദിവസത്തിന് ശേഷം തമിഴ്നാട്ടിലെ തേങ്ങാപട്ടണം, കുളച്ചൽ തീരങ്ങളിൽ നിന്ന് തമിഴ്നാട് പൊലീസ് കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ, ദേവിക മധു, ഫസ്ന ജെ. എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA