
കോന്നി: ലൈഫ് ഭവന പദ്ധതിയിൽ തട്ടിപ്പുനടത്തിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം.ആർ. റാണി ലക്ഷ്മി അരുവാപ്പുലം പഞ്ചായത്തിലും ലക്ഷങ്ങൾ വെട്ടിച്ചതായി കണ്ടെത്തൽ. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ അരക്കോടിയിലേറെ രൂപ തട്ടിയതിന് ഇവർ നിലവിൽ റിമാൻഡിലാണ്.
തുടർന്നാണ് നേരത്തെ ജോലി ചെയ്തിരുന്ന അരുവാപ്പുലം പഞ്ചായത്തിൽ കോന്നി ബ്ളോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. 15 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തി. കൂടുതൽ പരിശോധന നടത്തും. ഗുണഭോക്തൃ ലിസ്റ്റിലുള്ളവർക്കുള്ള പണം തന്റെ അമ്മ, ഭർത്താവ്, അമ്മായിയമ്മ, അമ്മായിയച്ഛൻ എന്നിവരുൾപ്പെടെയുള്ള അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്ക് ഇവർ മാറ്രി. ഗുണഭോക്താക്കളുടെ പേരും ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരും ഒരുപോലെയായാൽ അതിന്റെ മറവിലാണ് പണം മാറ്റുന്നത്. 4 ലക്ഷം രൂപ നൽകേണ്ട ഗുണഭോക്താക്കളുടെ പേരിൽ 5 ലക്ഷവും 6 ലക്ഷവും രൂപ വീതം അനുവദിച്ച് ബാക്കി പണം തട്ടിയെടുത്തതായും കണ്ടെത്തി.
ഭർത്താവിന് ടോറസ്
ലോറി ഓണസമ്മാനം
ക്രമക്കേടുകളിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച് ഇവർ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഭർത്താവിന് ഓണസമ്മാനമായി ടോറസ് ലോറിയാണ് വാങ്ങി നൽകിയത്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിൽ നിന്ന് മാത്രം ഇവർ 53 ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. വീട് പണി പൂർത്തീകരിച്ചവർക്ക് പണം നൽകാൻ താമസം വന്നതോടെ പഞ്ചായത്ത് ഭരണ സമിതികൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |