SignIn
Kerala Kaumudi Online
Friday, 04 September 2026 2.00 AM IST

സവാള വിലക്കയറ്റം തടയും,​ 35 രൂപയ്‌ക്ക് ലഭ്യമാക്കും 100 ടൺ ഉടൻ എത്തിക്കുമെന്നും മന്ത്രി ടി. സിദ്ദിഖ്

1

തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കിലോ ഗ്രാമിന് 35 രൂപ നിരക്കിലാകും സവാള വിൽക്കുക. 100 ടൺ സവാള എൻ.സി.സി.എഫ് വഴി സംഭരിച്ച് കേരളത്തിൽ എത്തിക്കും. പൊതു വിപണിയിൽ സവാളയ്ക്ക് കിലോ ഗ്രാമിന് 58 മുതൽ 80 രൂപ വരെ ഇപ്പോൾ ഈടാക്കുന്നുണ്ട്. കൊല്ലങ്കോട്, ചാല, നോർത്ത് പറവൂർ എന്നിവിടങ്ങളിലാണ് വിലക്കയറ്റം കൂടുതൽ. ആദ്യഘട്ടത്തിൽ ഈ ഇടങ്ങളിൽ സവാള എത്തിക്കും. രണ്ടു ദിവസത്തിനകം 30 ടൺ സവാള എത്തിത്തുടങ്ങും. ബോധപൂർവമായ വിലവർദ്ധന ഒരുകാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോ, ഹോർട്ടികോർപ്പ് സ്റ്റാളുകൾ വഴിയാണ് കുറഞ്ഞ വിലയ്ക്ക് സവാള നൽകുക. വഴക്കുളത്തേതടക്കം കൃഷി വകുപ്പിന്റെ വിവിധ കോൾഡ് സ്റ്റോറേജുകൾ സവാള സ്റ്റോക്ക് ചെയ്യാൻ ഉപയോഗപ്പെടുത്തും.

ഓണക്കാലത്ത് 14.25 കോടി രൂപയുടെ പച്ചക്കറി സംഭരിക്കുകയും പച്ചക്കറി നൽകിയ കർഷകരുടെ പണം അന്ന് രാത്രിയും തൊട്ടടുത്ത ദിവസവുമായി നൽകുകയും ചെയ്‌തു. വിളനാശത്തിനുള്ള നഷ്ടപരിഹാരം 120 കോടി രൂപ കുടിശികയാണ്. 5 വർഷത്തെ ഈ കുടിശിക ഘട്ടം ഘട്ടമായി നൽകുമെന്നും മന്ത്രി പറഞ്ഞു.


നാളികേര മേഖലയ്ക്ക് 500 കോടിയുടെ പദ്ധതി

കേരളത്തിലെ നാളികേര മേഖലയുടെ പുനരുജ്ജീവനവും സമഗ്ര വികസനവും ലക്ഷ്യമിട്ട് 500 കോടി രൂപയുടെ ബൃഹത് പദ്ധതി നാളികേര വികസന ബോർഡിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒന്നാംഘട്ടത്തിൽ നാളികേര വികസന ബോർഡിന്റെ വിഹിതമായി 500 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ വിഹിതമായി 41 കോടി രൂപയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട് കുറ്റ്യാടിയിൽ നാളീകേര പാർക്ക് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA