
കേരളത്തിലെ ആദ്യ ഇംഗ്ളീഷ് മീഡിയം സ്‌കൂൾ
കൊച്ചി: കേരളത്തിലെ വിദ്യാലയങ്ങളുടെ ‘മുത്തശി’യെന്ന് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ വിശേഷിപ്പിച്ച ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ചർച്ച് എൽ.പി.എസ് പ്രതിസന്ധികളെ അതിജീവിച്ച് 210-ാം വർഷത്തിലേക്ക്. ‘ഫ്രീ സ്കൂൾ’ എന്ന പേരിലും അറിയപ്പെടുന്ന വിദ്യാലയം കുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയെങ്കിലും പിന്നീട് കരകയറി. യൂണിഫോം, ഭക്ഷണം, കുട, പഠനോപകരണങ്ങൾ തുടങ്ങിയവ സൗജന്യമായി നൽകിയിരുന്നതിനാലാണ് ‘ഫ്രീ സ്കൂൾ’ എന്ന പേരുവീണത്. സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന പാരമ്പര്യം ഇന്നും ഇവിടെ തുടരുന്നുണ്ട്. 1817ൽ മിഷണറിയായിരുന്ന ജഡ്‌സൺ ബ്രിട്ടീഷ് സൈനികരുടെ കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച സ്കൂളിന്റെ ആദ്യ പേര് ‘ചർച്ച് ഒഫ് എലിമെന്ററി സ്കൂൾ’ എന്നായിരുന്നു. കേരളത്തിലെ ആദ്യത്തെ ഇംഗ്ളീഷ് മീഡിയം സ്കൂളാണിത്. നിലവിൽ സി.എം.എസ് മാനേജ്മെന്റിന്റെ കീഴിൽ ഫാ. പ്രദീപ് ജോർജിനാണ് സ്കൂളിന്റെ ചുമതല. സംസ്ഥാന സിലബസ് പ്രകാരമാണ് പ്രവർത്തനം.
200ൽ നിന്ന് 15ലേക്ക്, തിരിച്ചുവരവ്
ഒരുകാലത്ത് 200ലേറെ കുട്ടികൾ പഠിച്ചിരുന്ന ഇവിടെ 2017ൽ വിദ്യാർത്ഥികൾ പത്തായി താഴ്ന്നിരുന്നു. സമീപപ്രദേശങ്ങളിൽ എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾ ആരംഭിച്ചതോടെയാണ് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായത്. എന്നാൽ 2018 മുതൽ സ്ഥിതി മെച്ചപ്പെട്ടു. ഇപ്പോൾ എൽ.പിയിൽ 32, കെ.ജിയിൽ 17 ഉൾപ്പെടെ 49 വിദ്യാർത്ഥികളാണുള്ളത്.
210 വർഷം പിന്നിട്ട കെട്ടിടം
സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനും രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 2015ൽ നവീകരണം നടത്തിയെങ്കിലും കെട്ടിടത്തിന്റെ ചരിത്രപരമായ തനിമ ഇപ്പോഴും നിലനിറുത്തിയിട്ടുണ്ട്. കൊച്ചി മഹാരാജാവിന്റെ മകൻ രാമവർമ്മ ഇവിടെ പഠിച്ചിരുന്നുവെന്നതും ചരിത്രം. ഫോർട്ട്കൊച്ചിയിലെത്തുന്ന വിദേശ സഞ്ചാരികൾ ഇവിടം സന്ദർശിക്കാനെത്താറുണ്ട്.
വിദ്യാർത്ഥികളുടെ അക്കാഡമിക് മികവിനൊപ്പം സർഗാത്മക കഴിവുകൾ വളർത്തുന്നതിനും സ്കൂൾ പ്രാധാന്യം നൽകുന്നു. ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നതിനൊപ്പം കലാ-സാംസ്കാരിക പ്രവർത്തനങ്ങളും നടത്തിവരുന്നു.
സന്ധ്യ പി. രാജൻ
ഹെഡ്മിസ്ട്രസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |