SignIn
Kerala Kaumudi Online
Friday, 04 September 2026 2.01 AM IST

മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; രണ്ടു യുവാക്കൾ മരിച്ചു

sabeel

ആലപ്പുഴ: മോഷ്ടിച്ച ബൈക്കിൽ സഞ്ചരിച്ച മൂന്നംഗസംഘം തെരുവ് നായയെയും മറ്റൊരു ബൈക്കിലുമിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ തൽക്ഷണം മരിച്ചു. ഒരാൾ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ. മണ്ണഞ്ചേരി സബീൽമൻസിൽ കണ്ടത്തിൽ സുധീറിന്റെ മകൻ പ്ലസ് ടു വിദ്യാർത്ഥി സബീൽ (17), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേവീട്ടിൽ അബ്ദുൽറഷീദിന്റെ മകൻ റിൻഷാദ് (20) എന്നിവരാണ് മരിച്ചത്. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴുപുറത്ത് ഷിജാസ് (19) തലയ്ക്ക് ഗുരുതരപരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്. ഇന്നലെ പുലർച്ചെ 3.21ന് കൈചൂണ്ടി ജംഗ്ഷന് തെക്കുവശം ഗോൾഡൻ ചിപ്‌സ് കടയ്ക്കു മുന്നിലായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് കൈചൂണ്ടി ജംഗ്ഷനിലേക്ക് മോഷ്ടിച്ച ബൈക്കുമായി അമിതവേഗതയിൽ തെറ്റായദിശയിലൂടെ സഞ്ചരിച്ച മൂവ‌ർസംഘം ആദ്യം റോഡ് മുറിച്ചു കടക്കുകയായിരുന്ന തെരുവ് നായയെ ഇടിച്ചു. തുടർന്ന് എതിരെവന്ന കോമളപുരം വളവുങ്കൽ വീട്ടിൽ റിജോ ജോൺസണും സുഹൃത്ത് അക്ഷയ് വിൻസന്റും സഞ്ചരിച്ച ബൈക്കുമായും കൂട്ടിയിടിച്ചു. ബൈക്ക് 50 മീറ്ററോളം തെന്നിനീങ്ങി. റോഡിൽ തലയിടിച്ചുവീണാണ് സബീലും റിൻഷാദും മരിച്ചത്. നാട്ടുകാരാണ് ഷിജാസിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. റിജോയുടെ ഇടതുകാലിനും കൈക്കും അക്ഷയിയുടെ ഇരുകൈകൾക്കും ഇടതുകാലിനും പരിക്കേറ്റു. മണ്ണഞ്ചേരി അമ്പനാകുളങ്ങര എച്ചിക്കുഴി കായിച്ചിറ കെ.ബി.പ്രമോദിന്റെ വീട്ടിൽനിന്നാണ് ബൈക്ക് മോഷ്ടിച്ചത്. കോട്ടയം നാട്ടകം ഗവ. കോളേജിൽ ലൈബ്രറി അസിസ്റ്റന്റായ പ്രമോദ് ബുധനാഴ്ച വൈകിട്ട് ഏഴരയോടെ വീട്ടിലെത്തി ബൈക്ക് പൂട്ടിയിട്ടിരുന്നു. രാത്രി 10 വരെ ബൈക്ക് വീട്ടുമുറ്റത്തുണ്ടായിരുന്നു. പുലർച്ചെ മണ്ണഞ്ചേരി പൊലീസ് ഫോണിൽ വിളിച്ച് ബൈക്ക് വീട്ടുമുറ്റത്തുണ്ടോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. നോർത്ത് പൊലീസും അഗ്‌നിരക്ഷാസേനയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. റുമിയാണ് സബീലിന്റെ മാതാവ്. സഹോദരങ്ങൾ:സഹൽ, ബിലാൽ. ഷംനയാണ് റിൻഷാദിന്റെ മാതാവ്. സഹോദരങ്ങൾ: റംസി, റിദ. അപകടസ്ഥലത്ത് 20 പാക്കറ്റുകളോളം സിഗരറ്റും മിഠായികളുമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA