
കൊച്ചി: ട്രെയിനിലെ റിസർവേഷൻ കോച്ചിൽ ജനറൽ ടിക്കറ്റുമായി സഞ്ചരിച്ചതിനെ ചോദ്യം ചെയ്ത വനിതാ ടി.ടി.ഇക്ക് യാത്രക്കാരുടെ മർദ്ദനം. സംഭവത്തിൽ വനിതാ യാത്രക്കാരെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശികളും സഹോദരികളുമായ പൂജാ പാഥക്ക് (32), പ്രഗ്യാ പാഥക്ക് (29) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം - രാമേശ്വരം അമൃത എക്സ്‌പ്രസിലെ ടി.ടി.ഇ കൊല്ലം കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സുജാതയ്‌ക്കു (52) നേരെയായിരുന്നു കൈയേറ്റം.
കഴിഞ്ഞ ദിവസം പുലർച്ചെ 1.20ന് ട്രെയിൻ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഇരുവരും എറണാകുളത്ത് നിന്നാണ് ട്രെയിനിൽ കയറിയത്. റിസർവേഷൻ കോച്ചായ എസ് 9ലെ 47, 55 സ്ലീപ്പർ ബെർത്തുകളിൽ ജനറൽ ടിക്കറ്റുമായി സഞ്ചരിച്ച ഇവരോട്, റിസർവ് ചെയ്ത യാത്രക്കാരുണ്ടെന്നും ജനറൽ കോച്ചിലേക്ക് മാറണമെന്നും ആവശ്യപ്പെട്ടതാണ് പ്രകോപനമായത്. സുജാതയെ അടിക്കുകയും കൈപിടിച്ച് വലിക്കുകയും ചെയ്തു. ഇതിനിടെ ടി.ടി.ഇയുടെ കൈവശമുണ്ടായിരുന്ന ടാബും രസീത് ബുക്കുകളും നിലത്ത് വീണു. പിടിവലിക്കിടെയാണ് നഖം കൊണ്ട് പോറലേൽപ്പിച്ചത്.
പിന്നീട് മറ്റൊരു കോച്ചിലേക്ക് കടന്ന ഇരുവരെയും ട്രെയിൻ തൃശൂർ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ പൊലീസ് പിടികൂടി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് കേസ്. എറണാകുളം റെയിൽവേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |