
ഇന്നും നാളെയും
4 ഡിഗ്രി ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. ഇന്നും നാളെയും 3 മുതൽ നാല് വരെ ഡിഗ്രി സെൽഷ്യസ് ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.
പുനലൂരിൽ 36 ഡിഗ്രി കടന്നു. കോട്ടയത്ത് 35 ഡിഗ്രിയായിരുന്നു ചൂട്. മിക്ക ജില്ലകളിലും ശരാശരി 30 ഡിഗ്രി അനുഭവപ്പെടേണ്ട ചൂട് നാല് ഡിഗ്രിയിലധികം ഉയർന്നിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. കാലവർഷം ഈ മാസം കൂടി ലഭിക്കേണ്ടതാണെങ്കിലും മഴ മാറി നിൽക്കുകയാണ്. ചില ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴ ലഭിക്കുന്നെങ്കിലും ചൂടിന് ആശ്വാസമാകുന്നില്ല. സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് മഴ മുന്നറിയിപ്പും നൽകിയിട്ടില്ല.
വൈദ്യുതി ഉപഭോഗം
5000 മെഗാവാട്ട് കടന്നു
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും വർദ്ധിച്ചു. കഴിഞ്ഞദിവസം പീക്ക് സമയ ഉപഭോഗം 5045 മെഗാവാട്ടായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപഭോഗമാണിത്. കഴിഞ്ഞ
മാസം പരമാവധി ഉപഭോഗം 5000 മെഗാവാട്ടിൽ താഴെയായിരുന്നു.
കഴിഞ്ഞദിവസം പ്രതിദിന ഉപഭോഗം 95.396 ദശലക്ഷം യൂണിറ്റായി വർദ്ധിച്ചു. താപനിലയങ്ങളിലെ വൈദ്യുതി ഉത്പാദനം കുറഞ്ഞതിനെത്തുടർന്ന് കേരളത്തിന് പുറത്തുനിന്നുള്ള ലഭ്യത കുറഞ്ഞത് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ലോഡ് ഷെഡിംഗിലേക്ക് പോകാതെ ഉയർന്ന വില നൽകിയായാലും വൈദ്യുതി എത്തിക്കാനുള്ള ശ്രമം കെ.എസ്.ഇ.ബി ഊർജ്ജിതമാക്കി. പുതിയ വൈദ്യുതി കരാറുകൾക്കുള്ള തെളിവെടുപ്പ് റഗുലേറ്ററി കമ്മിഷൻ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഉത്തരവ് ഉടനിറങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |