SignIn
Kerala Kaumudi Online
Monday, 07 September 2026 1.11 AM IST

കയ്പമംഗലം ദുരന്തം എട്ടു വിദ്യാർത്ഥികൾക്ക് വിട ചൊല്ലി നാട്

READ ENGLISH VERSION
reethhh

തൃശൂർ: കയ്പമംഗലം പനമ്പിക്കുന്ന് ദേശീയ പാതയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ച തമിഴ്‌നാട് ദിണ്ടിഗൽ പി.എസ്.എൻ.എ എൻജിനിയറിംഗ് കോളേജിലെ എട്ട് വിദ്യാർത്ഥികളുടെയും മൃതദേഹം സംസ്കരിച്ചു. സേലം ഗൗണ്ടമപ്പട്ടി സ്വദേശി വി.വിശ്വയുടെ (21)സംസ്‌കാരം ഇന്നലെ നടത്തി. മറ്റുള്ളവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച രാത്രിയോടെ അവരവരുടെ നാടുകളിൽ സംസ്കരിച്ചു.

ദിണ്ടിഗൽ വൈതിലതോപ്പംപട്ടി സ്വദേശി ജീവ (20), നല്ലംപട്ടി സ്വദേശി ഐ.എസ്. സൂര്യ (20), മധുര നവിനിപ്പട്ടി സ്വദേശി സന്തോഷ് (20), ഓൾഡ് വിലങ്കുടി സ്വദേശി ജെ. ജോഷ്വ ഹിൽസൺ (21), അയ്യങ്കോട്ട സ്വദേശി എം. മുരളീകൃഷ്ണൻ (21), വിരഗന്നൂർ സ്വദേശി ആർ. പ്രസന്ന (21), ദിണ്ടിഗൽ കലഞ്ചിപ്പട്ടി സ്വദേശി യുവസഞ്ചിത്ത് (21) എന്നിവരാണ് മരിച്ച മറ്റ് വിദ്യാർത്ഥികൾ.ഇവരുടെ കുടുംബാംഗങ്ങൾക്ക് സഹായം നൽകുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കുമെന്ന് തമിഴ്‌നാട് ടൂറിസം മന്ത്രി എസ്.രാജേഷ്‌കുമാർ തൃശൂരിൽ പറഞ്ഞു. സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ദുഃഖം രേഖപ്പെടുത്തി.

വെള്ളിയാഴ്ച അർദ്ധരാത്രി കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് കാർ നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിയിലേക്ക് ഇടിച്ചു കയറിയത്. സുഹൃത്ത് പുതിയ കാർ വാങ്ങിയതിന്റെ ആഘോഷത്തിനായി യാത്ര തിരിച്ചതായിരുന്നു വിദ്യാർത്ഥികളെന്നാണ് വിവരം. സംഭവത്തിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ആർ.രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ അനധികൃത പാർക്കിംഗിനെതിരെ നടപടികൾ പൊലീസും മോട്ടോർ വാഹന വകുപ്പും ശക്തമാക്കി. സ്‌പെഷ്യൽ ഡ്രൈവ് ശക്തമാക്കണമെന്നും ആവശ്യമെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്നും തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർദ്ദേശിച്ചു. ദേശീയപാതയിൽ ചരക്ക് ലോറികൾ പാർക്ക് ലൈറ്റ് പോലും തെളിക്കാതെ അനധികൃതമായി നിറുത്തിയിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA