
കൊച്ചി: തൃക്കാക്കര മോർഫിംഗ് കേസിൽ എറണാകുളത്തിന് പുറത്തുളള മറ്റൊരു കോളേജിലെ വിദ്യാർത്ഥി കൂടി അറസ്റ്റിൽ.
മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജിലെ വിദ്യാർത്ഥി ആലപ്പുഴ കുരട്ടിശേരി സ്വദേശി സനീഷാണ് (20) അറസ്റ്റിലായത്. ഇതോടെ കൂടുതൽ ക്യാമ്പസുകളിലേക്ക് അന്വേഷണം നീളുമെന്ന് ഉറപ്പായി.
ആദ്യം അറസ്റ്റിലായ തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാംവർഷ ബി.ബി.എ വിദ്യാർത്ഥി വി.എസ്.ശ്രീഹരി ഉൾപ്പെടുന്ന എട്ടംഗസംഘത്തിലെ കണ്ണിയാണ് സനീഷ്. ശ്രീഹരിയും സനീഷും നേരിട്ട് പരിചയമില്ല. സോഷ്യൽമീഡിയയിലൂടെയായിരുന്നു ബന്ധം. ഇവർ മോർഫുചെയ്ത ചിത്രങ്ങൾ പരസ്പരം പങ്കുവച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. സംഭവം പുറത്തായതോടെ കുറ്റകൃത്യത്തിന് ഉപയോഗിച്ചിരുന്ന ടെലഗ്രാം ഗ്രൂപ്പുകൾ പ്രതികൾ പൂർണമായി നീക്കംചെയ്തിട്ടുണ്ട്. ടെലഗ്രാമിൽനിന്ന് വിവരങ്ങൾ വീണ്ടെടുക്കുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. സനീഷിൻ്റെ ഫോണും ലാപ്‌ടോപ്പും പരിശോധിച്ചുവരികയാണ്.
മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽലഭിച്ച എസ്. ശ്രീഹരിയെ പ്രത്യേകസംഘം ചോദ്യംചെയ്തു. സാമ്പത്തികലാഭം ലക്ഷ്യമിട്ട് സംഘമായി പ്രവർത്തിച്ചതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും പ്രതിയുടെ മാനസികവൈകൃതമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നുമാണ് നിഗമനം.
സംഘത്തലവനെന്ന് കരുതുന്ന മലപ്പുറം സ്വദേശിയായ വിദ്യാർത്ഥി ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. മറ്റ് കോളേജുകളിലെ വിദ്യാർത്ഥികളും ഗ്രൂപ്പിൽ അംഗങ്ങളാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കും. പ്രത്യേകസംഘം ഇന്നലെ രാവിലെയാണ് സനീഷിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
-കാളിരാജ് മഹേഷ്‌കുമാർ,
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ
പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്
കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മറ്റ് പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് ആരോപണം. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി നിഖിൽബാബു ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |