
കൊച്ചി: ബി.ജെ.പിക്ക് ആശ്വാസം. തിരുവനന്തപുരം കോർപ്പറേഷനിലെ പാർട്ടി കൗൺസിലർ ആർ. സുഗതന് തടങ്കലിൽ നിന്ന് മോചനം. കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അശ്രദ്ധമായി തയ്യാറാക്കിയ ഉത്തരവ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, സുഗതനെ ഉടൻ മോചിപ്പിക്കാൻ തൃശൂർ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകി. സുഗതന്റെ ഭാര്യ ജി.ആർ. അശ്വതി നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
നടപടിക്രമങ്ങളിൽ വലിയ വീഴ്ചയുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. മനസ് അർപ്പിക്കാതെയായിരുന്നു കളക്ടറുടെ നടപടി. പല രേഖകളും അവ്യക്തമാണ്. ചില പേജുകൾ നഷ്ടപ്പെട്ടു. പ്രതിക്കെതിരായ കേസുകളുടെ വിവരങ്ങൾ പരിശോധിക്കുന്നതിൽ അധികൃതർക്ക് വീഴ്ചയുണ്ടായി. കരുതൽ തടങ്കൽ ഉത്തരവിന് ആധാരമായ രേഖകളുടെ വ്യക്തമായ പകർപ്പുകൾ പ്രതിക്ക് നൽകിയില്ലെങ്കിൽ ഉത്തരവ് റദ്ദാക്കാമെന്നും വ്യക്തമാക്കി.
മുൻകൂർ ജാമ്യം
പിന്നാലെ അറസ്റ്റ്
ജൂൺ പത്തു മുതൽ സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിലാണ്. 2019 മുതൽ 2026 വരെ ഏഴ് കേസുകളാണ് സുഗതനെതിരെ ഉണ്ടായിരുന്നത്. കഴിഞ്ഞ മാർച്ചിൽ വട്ടിയൂർക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത അവസാനത്തെ കേസിൽ ഹൈക്കോടതി ജൂൺ ഒന്നിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെ, തിരുവനന്തപുരം സിറ്റി അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജൂൺ പത്തിന് പുലർച്ചെ സുഗതനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2014 മുതൽ റൗഡി ലിസ്റ്റിലുള്ള ആളാണ് സുഗതൻ എന്നതടക്കമുള്ള വാദമാണ് സർക്കാർ ഉന്നയിച്ചത്. അഡ്വ. സുവിൻ ആർ. മേനോൻ വഴിയാണ് സുഗതന്റെ ഭാര്യ ഹർജി ഫയൽ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |