SignIn
Kerala Kaumudi Online
Sunday, 18 October 2026 1.54 AM IST

വഖഫ് നിയമനം: സുന്നി വിഭാഗങ്ങൾക്ക് അതൃപ്തി #സർക്കാരിനെതിരെ എ.പി വിഭാഗം

d

മലപ്പുറം: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയിലെ പ്രാതിനിധ്യത്തെച്ചൊല്ലി സുന്നി സംഘടനകൾക്കിടയിൽ സർക്കാരിനെതിരായ പ്രതിഷേധം ശക്തം. അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന വിമർശനവുമായി ഇ.കെ, എ.പി സമസ്ത വിഭാഗങ്ങൾ രംഗത്തെത്തി. ഈ മാസം 22ന് സംസ്ഥാന വ്യാപകമായി പരസ്യ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എ.പി വിഭാഗം വ്യക്തമാക്കി. മുൻ ബോർഡിൽ കാന്തപുരം വിഭാഗത്തിലെ പി.യു.അലി അംഗമായിരുന്നു. പുതിയ ബോർഡിൽ ഈ പ്രാതിനിധ്യം ഇല്ലാതായി. പ്രതിഷേധ നടപടികൾ ചർച്ച ചെയ്യുമെന്ന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട് പറഞ്ഞു. വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിൽ നിർണായക പങ്കുള്ള ഇരുസമസ്തകൾക്കും പ്രതിനിധികളില്ലാത്തത് അനീതിയാണെന്ന് കാന്തപുരം നേതാവ് റഹ്മത്തുള്ള സഖാഫി എളമരവും ചൂണ്ടിക്കാട്ടി.

ലീഗിനോട് മമതയുള്ള ഇ.കെ സമസ്തയിലും പുതിയ നിയമനങ്ങൾ ചർച്ചയായിട്ടുണ്ട്. സമസ്ത മുശാവറയിൽ നിന്ന് അച്ചടക്ക നടപടിയിലൂടെ പുറത്താക്കപ്പെട്ട എം.പി.മുസ്തഫൽ ഫൈസിയെ ബോർഡിൽ ഉൾപ്പെടുത്തിയതിൽ എതിർപ്പുണ്ട്. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് സമസ്ത ജോയിന്റ് സെക്രട്ടറിയായിരുന്ന ഉമർ ഫൈസി മുക്കം ഉൾപ്പെട്ടിരുന്ന സ്ഥാനത്താണ് പുതിയ നിയമനം. പുതിയ ചെയർമാൻ എം.സി.മായിൻ ഹാജി സമസ്തയുടെ കൂടി പ്രതിനിധിയാണെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡംഗവുമാണ് അദ്ദേഹം. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള ജസീം സബാഹിനെ ഉൾപ്പെടുത്തിയതിലും ഇരു സമസ്തകൾക്കും വിയോജിപ്പുണ്ട്.

ബോർഡിൽ മുജാഹിദ് വിഭാഗത്തിന്റെ പ്രതിനിധിയായി ഡോ.അബ്ദുൾ മജീദും ബോറ മുസ്ലിം സമുദായ പ്രതിനിധിയായി സിറാജ് ഡി.കാപ്പസിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ പ്രതിനിധിയായി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയും ഉൾപ്പെട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA