
കൂത്താട്ടുകുളം: മതശക്തികൾ കേരള രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്തെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വോട്ടുബാങ്ക് രാഷ്ട്രീയം പയറ്റിയില്ലെങ്കിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ ഭാവി അപകടത്തിലാകും. കൂത്താട്ടുകുളം യൂണിയന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ സായി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ ലഭിക്കാത്ത കാര്യങ്ങളെക്കുറിച്ച് പറഞ്ഞ തന്നെ വർഗീയവാദിയായി ചിത്രീകരിക്കുകയാണ്. ഈഴവവിഭാഗത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ല. മുസ്ലിംലീഗ് മതകൂട്ടായ്മയാണ്. എന്നിട്ടും മതേതര പാർട്ടിയാണെന്നാണ് അവർ അവകാശപ്പെടുന്നത്. കേരളാ കോൺഗ്രസിനെ നയിക്കുന്നത് ക്രിസ്ത്യാനികൾ മാത്രമാണ്. വോട്ടാണ് ഇന്നത്തെക്കാലത്ത് നിർണായകം. വോട്ട്ബാങ്ക് രാഷ്ട്രീയത്തെക്കുറിച്ചുകൂടി നമ്മൾ ചിന്തിച്ചില്ലെങ്കിൽ എസ്.എൻ.ഡി.പി യോഗം അവഗണിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പദ്മഭൂഷൺ നേടിയ വെള്ളാപ്പള്ളിയെ യൂണിയൻ, ശാഖാ ഭാരവാഹികളും പോഷകസംഘടനാ ഭാരവാഹികളും ചടങ്ങിൽ ആദരിച്ചു.
25 വർഷമായി യൂണിയൻ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന സി.പി. സത്യനെ വെള്ളാപ്പള്ളി ആദരിച്ചു. യൂണിയൻ പ്രസിഡന്റ് ഇൻ ചാർജ് പി.കെ. അജിമോൻ അദ്ധ്യക്ഷനായി. പ്രീതി നടേശൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ, കൗൺസിലർ എം.പി. ദിവാകരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |