
കൊച്ചി: കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച സർക്കാർ നടപടി ചോദ്യംചെയ്ത് ചെയർമാനായിരുന്ന കെ.എസ്. ഹംസ ഹൈക്കോടതിയെ സമീപിച്ചു. പ്രത്യേകസിറ്റിംഗ് നടത്തിയ ജസ്റ്റിസ് എസ്. മനു ഹർജി ഉത്തരവിനായി മാറ്റി. ബോർഡ് ചെയർമാനെയും അംഗങ്ങളെയും നിയമിച്ച ഫെബ്രുവരി നാലിലെ ഉത്തരവ് മറികടന്ന് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഒഴിവുകൾ നികത്താനുള്ള ഹൈക്കോടതി ഉത്തരവ് പാലിച്ചില്ല. നിലവിലുള്ള ഒഴിവുകൾ നികത്തുമെന്ന സർക്കാർ ഉറപ്പും പാലിച്ചില്ല. പുതിയ ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും ഹർജിയിൽ ആരോപിച്ചു. ഹർജി തീർപ്പാക്കുന്നതുവരെ തുടർനടപടികൾ സ്റ്റേചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ സർക്കാർ ഫെബ്രുവരി നാലിന് രൂപീകരിച്ച വഖഫ് ബോർഡിന്റെ കാലാവധി 5 വർഷമാണ്. അതിനാൽ ഹർജിക്കാരനെയും മറ്റ് അംഗങ്ങളെയും തുടരാൻ അനുവദിക്കണമെന്നാണ് ആവശ്യം. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ചെയർപേഴ്സനെയും അംഗങ്ങളെയും മാറ്റാൻ സർക്കാരിന് അധികാരമില്ല. മുസ്ലിം ഇതര അംഗങ്ങളെയും ഷിയ വിഭാഗത്തിൽനിന്നുള്ളവരെയും ബോർഡിലേക്ക് നോമിനേറ്റ് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കോടതിയുടെ നിർദ്ദേശം ലംഘിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഉപഹർജിയിൽ ഒരാഴ്ചയ്ക്കകം പ്രതികരണം അറിയിക്കാനും തുടർന്ന് മറുപടി രണ്ടാഴ്ചയ്ക്കകം നൽകാനും ഹൈക്കോടതി 14ന് ഉത്തരവിട്ടിരുന്നു. ഇത് മറികടന്നാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നിലവിലെ ബോർഡ് പിരിച്ചുവിടുന്നതിനോ അംഗങ്ങളെ നീക്കുന്നതിനോ വഖഫ് നിയമത്തിൽ പ്രത്യേക വ്യവസ്ഥയുണ്ട്. ഉത്തരവിറക്കുന്നതിനു മുമ്പ് തന്റെഭാഗം കേട്ടില്ലെന്നും സ്വാഭാവികനീതിയുടെ ലംഘനമാണ് നടത്തിയതെന്നും ഹർജിക്കാരൻ ഉന്നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |