
ചിറ്റൂർ: മീനാക്ഷിപുരം മൂലത്തറയിൽ യുവാക്കൾ മർദ്ദിച്ചു കൊന്ന നാൽപ്പതുകാരന്റെ വിവരങ്ങൾ കണ്ടെത്താൻ തമിഴ്നാട്ടിലും അന്വേഷണം തുടങ്ങി. മാനസിക വെല്ലുവിളി നേരിട്ടിരുന്ന യുവാവാണ് മരിച്ചത്. ഇയാൾ തമിഴ്നാട് സ്വദേശിയാണെന്ന സൂചനയെത്തുടർന്നാണ് അതിർത്തി പ്രദേശങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
ഈ മാസം 10ന് രാത്രിയാണ് ഏഴംഗസംഘം യുവാവിനെ മർദ്ദിച്ച് കൊന്നത്. സംഭവത്തിൽ മൂലക്കട സ്വദേശികളായ ഏഴു പേരെ അറസ്റ്റുചെയ്തിരുന്നു. മുഖ്യപ്രതി കതിരേശന്റെ വീട്ടുമുറ്റത്ത് പലതവണ വിലക്കിയിട്ടും യുവാവ് കിടന്നുറങ്ങിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
മദ്യലഹരിയിലായിരുന്ന പ്രതികൾ മരത്തടിയും കല്ലും കൊണ്ട് യുവാവിന്റെ മുഖത്തും തലയിലും പലതവണ ആഞ്ഞടിച്ചു. നിലത്തുവീണ ശേഷവും ആക്രമണം തുടർന്നു. അരക്കിലോമീറ്ററോളം പിന്തുടർന്നും ക്രൂരമായി മർദ്ദിച്ചെന്ന് പൊലീസ് കണ്ടെത്തി. യുവാവിന്റെ ശരീരത്തിൽ 50ലേറെ മുറിവുണ്ടെന്നും തലയിലെ രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |