
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂട്ടാൻ 'തെക്കൻ കേരള എക്കണോമി കോറിഡോർ' പദ്ധതി ബഡ്ജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.
പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് എക്കണോമി കോറിഡോർ സ്ഥാപിക്കുന്നത്. പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി ഒരു വിദഗ്ദ്ധ ഏജൻസിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
''ലോകോത്തരമായ വിഴിഞ്ഞം തുറമുഖം തീരദേശത്തെ നിർണായകമായ ധാതു സമ്പത്ത്, അപൂർവ ധാതുക്കളുടെ നിക്ഷേപങ്ങൾ, സമാനതകളില്ലാത്ത സാദ്ധ്യതകളുള്ള ബ്ലൂ എക്കോണമി എന്നിങ്ങനെ സവിശേഷ ഘടകങ്ങൾ ഒത്തുച്ചേരുന്ന തെക്കൻ ജില്ലകളാണ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവ. ഈ മൂന്ന് ജില്ലകളേയും തന്ത്രപരമായ ദേശീയ പ്രധാന്യമുള്ള ഒരു ഏകീകൃത സാമ്പത്തിക മേഖലയായി യോജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് തെക്കൻ കേരള എക്കണോമിക് കോറിഡോർ.''- മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.
''തിരുവനന്തപുരത്തെ കേരളത്തിന്റെ നോളജ് ആന്റ് സ്‌പെയിസ് ടെക്നോളജി ഹബ്ബായും കൊല്ലത്തെ ധാതുസംസ്കരണത്തിന്റെയും അപൂർവ്വ ധാതുക്കളുടെയും കേന്ദ്രമായും മാറ്റും. അതേസമയം, മേഖല മൂന്നായ ആലപ്പുഴയെ ഇന്ത്യയുടെ ബ്ലൂ ഇക്കോണമി തലസ്ഥാനമായും മാറ്റും. സംയോജിത പ്രാദേശിക ക്ലസ്റ്ററുകളിലൂടെയാണ് ആധുനിക സാമ്പത്തിക വളർച്ച കൂടുതലായി സംഭവിക്കുന്നത്. ലോജിസ്റ്റിക് സാങ്കേതികവിദ്യ , ഉൽപ്പാദനം , ഗവേഷണം, പ്രകൃതി വിഭവങ്ങൾ എന്നിവയെ ഒരൊറ്റ ചട്ടക്കൂടിലേയ്ക്ക് ബന്ധിപ്പിക്കുന്നതിലൂടെ ഈ ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി ശക്തമായ ഒരു സംമിശ്ര സമ്പത്ത് വ്യവസ്ഥയായി മാറുകയും സ്വകാര്യ നിക്ഷേപം ആകർഷിക്കുകയും ചെയ്യും''- മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത് ഭാവിയിൽ കേരളത്തിന്റെ തന്നെ തന്ത്രപ്രധാനവും സമുദ്രബന്ധിതവുമായ വികസന മേഖലകളെ മുൻനിരസ്ഥാനത്ത് എത്തിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |