
ആലപ്പുഴ: സോഷ്യൽ മീഡിയകളുടെ തള്ളിക്കയറ്റത്തെ അതിജീവിച്ച് വിശ്വാസ്യത കാക്കുന്ന പത്രമാണ് കേരളകൗമുദി എന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. കേരള കൗമുദിയുടെ 115-ാം വാർഷികാഘോഷം ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
കേരളകൗമുദിയുടെ 115 വർഷം പൂർത്തിയാക്കൽ ജനങ്ങളർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണ്. ജനവിശ്വാസമാണ് പത്രത്തിന്റെ സമ്പത്ത്. 1911ൽ സി.വി. കുഞ്ഞുരാമൻ തുടക്കമിട്ട്, കെ. സുകുമാരനിലൂടെ വളർന്ന പാരമ്പര്യം ഓർമ്മിപ്പിച്ച ഉപരാഷ്ട്രപതി, പാർശ്വവത്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമുയർത്താൻ കേരളകൗമുദി നൽകിയ സംഭാവനകളെയും പ്രശംസിച്ചു. ശ്രീനാരായണഗുരുദേവന്റെ ദർശനവും ഉപദേശങ്ങളുമാണ് കേരളകൗമുദിയെ ചരിത്രത്തിലുടനീളം നയിച്ചത്. വിശ്വസനീയതയും ധാർമ്മികമൂല്യങ്ങളും കാത്തുസൂക്ഷിച്ച പത്രമെന്ന നിലയിൽ കേരളകൗമുദിയെ അഭിനന്ദിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
സ്വാതന്ത്ര്യത്തിലേക്കും റിപ്പബ്ലിക്കിലേക്കും സാമ്പത്തിക ഉദാരവത്കരണത്തിലേക്കും ഡിജിറ്റൽ വിപ്ലവത്തിലേക്കും ലോകത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്കുമുള്ള രാജ്യത്തിന്റെ മാറ്റങ്ങൾക്ക് കേരളകൗമുദി സാക്ഷ്യം വഹിച്ചു. രണ്ട് ദശാബ്ദങ്ങളിൽ മാദ്ധ്യമരംഗം വലിയ രീതിയിൽ മാറി. ടെലിവിഷൻ, വെബ്‌സൈറ്റ്, മൊബൈൽ ജേർണലിസം, സോഷ്യൽ മീഡിയ, കൃത്രിമബുദ്ധി എന്നീ തലങ്ങളിലേക്ക് മാദ്ധ്യമമേഖല പരിവർത്തനം ചെയ്തു. ഇന്ന് ഒരു സ്മാർട്ട് ഫോണിന് ഓരോ പൗരനെയും പ്രസാധകനാക്കാം. ശക്തവും സ്വയം പര്യാപ്തവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്വമുണ്ട്. ആശയങ്ങൾ വസ്തുനിഷ്ഠമായും ഉത്തരവാദിത്വത്തോടെയും സത്യസന്ധമായും ജനങ്ങളിലെത്തിക്കണം. പൊതുചർച്ചകൾ വളർത്തിയെടുക്കണം. സത്യം, നീതി, ന്യായം എന്നീ അടിസ്ഥാന മൂല്യം ഉയർത്തിപ്പിടിക്കണം. പത്രപ്രവർത്തനത്തിന്റെ ശക്തമായ ശബ്ദമായി കേരളത്തെയും മലയാള ഭാഷയെയും ഭാവി തലമുറയുമായി ബന്ധിപ്പിച്ച് കേരളകൗമുദി ഇനിയും മുന്നേറട്ടെയെന്ന് ഉപരാഷ്ട്രപതി ആശംസിച്ചു.
കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ഉപരാഷ്ട്രപതിക്ക് ആറന്മുള്ള കണ്ണാടി ഉപഹാരമായി നൽകി. പദ്മഭൂഷൺ ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഉപരാഷ്ട്രപതി ആദരിച്ചു. കേരളകൗമുദി എക്സലൻസ് പുരസ്‌കാരം നേടിയ ജിഷ്ണു വാസുദേവൻ നമ്പൂതിരി, എസ്.കെ ഹോസ്‌പിറ്റൽ ചെയർമാൻ കെ.എൻ. ശിവൻകുട്ടി, സഫയർ എൻട്രൻസ് കോച്ചിംഗ് മാനേജിംഗ് ഡയറക്ടർ ഡോ. വി. സുനിൽ കുമാർ, റിനർജി സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എം.ഡി റോയ് ക്രിസ്റ്റി, രത്നകല ഗ്രൂപ്പ് സ്ഥാപകനും എസ്.എൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റുമായ രത്നാകരൻ വിശ്വനാഥൻ, സോമതീരം ആയുർവേദ ഗ്രൂപ്പ് ചെയർമാൻ ബേബി മാത്യു, വല്ലത്ത് എഡ്യൂക്കേഷൻ എം.ഡി ഡോ. കല്യാണി വല്ലത്ത്, എസ്.എൻ ട്രസ്റ്റ് റീജിയണൽ ഡെവലപ്‌മെന്റ് കൗൺസിൽ ചെയർമാനും വെളിയിൽ ഗ്രൂപ്പ് സ്ഥാപകനുമായ വി.എൻ.ബാബു എന്നിവരെ ഉപരാഷ്ട്രപതി ആദരിച്ചു. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി സ്വാഗതം ആശംസിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യാതിഥിയായി. മന്ത്രി റോജി എം. ജോൺ, എം.എൽ.എമാരായ എ.ഡി. തോമസ്, ബി.ബി. ഗോപകുമാർ എന്നിവർ പങ്കെടുത്തു.
മണൽ നീക്കി, നദികളുടെ ആഴം കൂട്ടണം: ഉപരാഷ്ട്രപതി
മണൽ നീക്കി, കേരളത്തിലെ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ പറഞ്ഞു. പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ കേരളത്തോട് വിനീതമായ ഒരു അഭ്യർത്ഥനയെന്ന ആമുഖത്തോടെയായിരുന്നു പരാമർശം. കൃത്യമായ ഇടവേളകളിൽ മണൽ നീക്കുന്നില്ല. മഴ ലഭിക്കുമ്പോൾ വെള്ളം ഒഴുകിപ്പോകേണ്ടത് നദികളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
നദികളിലെ മണൽ ഖനനവും ജലസംഭരണ ശേഷി കൂട്ടി വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനുള്ള നടപടികളും ചൂണ്ടിക്കാട്ടി, തുടർവാർത്തകളും മൂന്നോളം എഡിറ്റോറിയലും പ്രസിദ്ധീകരിച്ചതായി ചീഫ് എഡിറ്റർ ദീപു രവി വിശദീകരിച്ചപ്പോൾ ഉപരാഷ്ട്രപതി ആ ഇടപെടലുകളെ ശ്ലാഘിച്ചു. ദീർഘവീക്ഷണത്തോടും സാമൂഹിക കാഴ്ചപ്പാടോടും കൂടി തുടർന്നും ഇത്തരം ഇടപെടലിന് കഴിയട്ടെയെന്ന് ആശംസിച്ചു. പ്രസംഗത്തിന് ശേഷം വേദി വിട്ട്, സൗഹൃദ സംഭാഷണത്തിനിടെയാണ് രാഷ്ട്രപതിയോട് ചീഫ് എഡിറ്റർ കേരളകൗമുദിയുടെ ഇടപെടൽ സൂചിപ്പിച്ചത്. നദികളുടെ ആഴം കൂട്ടേണ്ടതിന്റെ ആവശ്യകത എം.പിമാരോട് പറഞ്ഞിട്ടുണ്ടെന്ന് പ്രസംഗത്തിൽ ഉപരാഷ്ട്രപതി പറഞ്ഞു. ഈ വിഷയം കോടതിയിലെങ്കിൽ, അവിടെ വ്യക്തമായി വിശദീകരിക്കണം. പത്ത് വർഷം മുമ്പുള്ള നദിയുടെ ആഴവും ഇന്നത്തെ ആഴവും കണക്ക് സഹിതം വ്യക്തമാക്കണം. ഒരു വിഷയത്തിലും അന്ധമായ സമീപനം സ്വീകരിക്കരുത്, രാഷ്ട്രീയവത്കരിക്കാനും പാടില്ല. അത് വികസന താത്പര്യങ്ങൾക്ക് എതിരാകുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |