
തിരുവനന്തപുരം: ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ അദ്ധ്യാപകരാവാൻ കെ-ടെറ്റ് നിർബന്ധമാക്കിയതിൽ സർക്കാർ സുപ്രീംകോടതിയിൽ വ്യക്തതാ ഹർജി നൽകുമെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ നിയമസഭയിൽ പറഞ്ഞു. സർവീസിലുള്ളവർ 2028 ആഗസ്റ്റ് 31നകം കെ-ടെറ്റ് നേടണമെന്നാണ് ഉത്തരവ്. ഉത്തരവുണ്ടായ 2010 ആഗസ്റ്റിന് മുൻപ് നിയമിതരായവർക്കുള്ള ഇളവ് അതിനുശേഷം നിയമിച്ചവർക്കും ലഭ്യമാക്കണമെന്ന് സർക്കാർ ആവശ്യപ്പെടും. 2025ജനുവരിക്ക് മുൻപ് നിയമനമുണ്ടായവർക്ക് ഗ്രേഡും ഇൻക്രിമെന്റും സർക്കാർ ഉടൻ അനുവദിക്കും. ( പി. മമ്മിക്കുട്ടിയുടെ സബ്മിഷന് മറുപടി)
പോളിടെക്നിക് ഡിപ്ലോമ ചോദ്യം ചോർന്നിട്ടില്ലെന്ന് മന്ത്രി
പോളിടെക്നിക് കോളേജുകളിലെ ഡിപ്ലോമ പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്ന് മന്ത്രി റോജി എം.ജോൺ പറഞ്ഞു. സ്റ്റേറ്റ് ബോർഡിന്റെ പോർട്ടൽ വഴിയാണ് പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് ചോദ്യപ്പേപ്പർ കൈമാറുന്നത്. പോർട്ടലിൽ സാങ്കേതിക തടസമുണ്ടായാൽ കോളേജുകളുടെ ഔദ്യോഗിക ഇ-മെയിലിലും നൽകും. മുൻകാലങ്ങളിലേത് പോലെ ഇത്തവണയും അപ്രകാരം അയച്ചു. (റെജി ചെറിയാന്റെ സബ്മിഷന് മറുപടി)
ഏലപ്പാട്ടത്തുകയും പ്രീമിയവും വർദ്ധിപ്പിക്കും
ഇടുക്കിയിലെ ഏലപ്പട്ടയങ്ങളിലെ പാട്ടത്തുകയും പ്രീമിയവും വർദ്ധിപ്പിക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ പറഞ്ഞു. പുതിയപാട്ടം അനുവദിക്കരുതെന്നും നിലവിലെ പാട്ടക്കാരനാണോ യഥാർത്ഥ കൈവശക്കാരനെന്ന് ഉറപ്പാക്കി പാട്ടം പുതുക്കാമെന്നും ഹൈക്കോടതി ഉത്തരവുണ്ട്. ഇതുപ്രകാരമുള്ള നടപടിയുണ്ടാവും. ഇടുക്കിയിൽ 31 വില്ലേജുകളിൽ 10,770 ഹെക്ടർ ഏലപ്പാട്ടമാണുള്ളത്. ( സേനാപതി വേണുവിന്റെ സബ്മിഷന് മറുപടി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |