
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) ആസ്ഥാനത്തെ കമ്പ്യൂട്ടറിലെ വിവരങ്ങൾ ചോർത്തി, വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ചതിന് പിന്നാലെ അന്വേഷണവുമായി കൊച്ചി സിറ്റി പൊലീസ്. സൈബർ ആക്രമണമാണോ, സ്ഥാപനത്തിലെ ജീവനക്കാർ വഴി ചോർന്നതാണോ എന്നാകും അന്വേഷിക്കുക. രഹസ്യസ്വഭാവമുള്ള രേഖകൾ, ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ, സാമ്പത്തിക ഇടപാട് എന്നിവ പുറത്തായതിന് പിന്നാലെ മെട്രോ അധികൃതരാണ് പരാതിയുമായെത്തിയത്.
കലൂർ സ്റ്റേഡിയം സ്റ്റേഷനിലെ കോർപ്പറേറ്റ് ഓഫീസിൽ ഐ.ടി വിഭാഗത്തിലെ കമ്പ്യൂട്ടറും പ്രിന്ററും ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു പരാതി. കൊച്ചി മെട്രോയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന ഒരു ഫോറത്തിന്റെ പേരിലുള്ള ഗ്രൂപ്പിലാണ് ആദ്യം രേഖ പ്രത്യക്ഷപ്പെട്ടത്. ഇതിലേക്ക് വിവരം ഷെയർ ചെയ്തവരെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. മെട്രോയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന സെൻട്രൽ കൺട്രോൾ റൂം, ട്രെയിൻ സിഗ്നലിംഗ് സാങ്കേതികവിദ്യ, സ്റ്റേഷനുകളിലെ സുരക്ഷാ നിരീക്ഷണ ശൃംഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരം ചോർന്നോയെന്നതിൽ സ്ഥിരീകരണമില്ല. വിവരങ്ങൾ വിദേശ ഏജൻസികളുടെയോ ക്രിമിനൽ സംഘങ്ങളുടെയോ കൈയിലെത്തിയാൽ ഗുരുതര പ്രത്യാഘാതമുണ്ടായേക്കാം.
അതേസമയം, പരാതിയിൽ പറയുന്നത്ര ആശങ്കയ്ക്ക് ഇടയാക്കുന്ന വിവരമൊന്നും ചോർന്നിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ചോർന്ന വഴി കണ്ടെത്താൻ സൈബർ സംഘവും അന്വേഷണത്തിന്റെ ഭാഗമാകും. പൊലീസ് ഇന്ന് കോർപ്പറേറ്റ് ഓഫീസിൽ പരിശോധന നടത്തിയേക്കും. കരാറിൽ ജോലി ചെയ്യുന്ന സാങ്കേതിക വിദഗ്ദ്ധരുടെ മൊഴിയെടുക്കും. വി.വി.ഐ.പി സന്ദർശനങ്ങളിൽ ഉൾപ്പെടെ കനത്തസുരക്ഷ ഉറപ്പാക്കാറുള്ള കൊച്ചി മെട്രോയുടെ ആഭ്യന്തരരേഖ പുറത്തുപോയത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
പ്രതിദിനം 1.25 ലക്ഷം
ദിനവും ശരാശരി യാത്ര ചെയ്യുന്നത്
1.25 ലക്ഷം പേർ
2017 മുതൽ ഇതുവരെ
17.5 കോടി
2025ൽ
3.65 കോടി
ഹാക്കിംഗ് രണ്ട് വട്ടം
2013 ഏപ്രിൽ: കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ' ReZk2LL team' എന്ന ഗ്രൂപ്പ് ഹാക്ക് ചെയ്ത് ഇസ്രയേൽ വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു
2015 ഏപ്രിൽ: കൊച്ചി മെട്രോ ഉൾപ്പെടെയുള്ള ഇരുപതോളം സർക്കാർ വെബ്‌സൈറ്റുകൾ പാകിസ്ഥാൻ ഹാക്കർമാരുടെ സൈബർ ആക്രമണത്തിന് ഇരയായി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |