
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സി.പി.എം സംഘടനയായ എംപ്ലോയീസ് കോൺഫെഡറേഷന്റെ ചുമതലയിൽ നിന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.രാധാകൃഷ്ണനെ മാറ്റണമെന്ന് വിമതവിഭാഗം. മുൻ ദേവസ്വംമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ വി.എൻ.വാസവന് ചുമതല നൽകണമെന്നാണ് ആവശ്യം. മാസങ്ങളായി എംപ്ലോയീസ് കോൺഫെഡറേഷൻ പിളർപ്പിന്റെ പാതയിലാണ്. പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഒരു ചേരിയിലും വൈസ് പ്രസിഡന്റും ട്രഷറുമടക്കം എതിർചേരിയിലുമാണ്. വൈസ് പ്രസിഡന്റും ട്രഷററുമടങ്ങുന്ന വിഭാഗമാണ് രാധാകൃഷ്ണനെ ചുമതലയിൽ നിന്നും ഒഴിവാക്കണമെന്ന് സി.പി.എം നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഭിന്നതയാൽ പത്ത് ഗ്രൂപ്പുകളിലും സംഘടനാ പ്രവർത്തനം സ്തംഭനത്തിലാണെന്നും ജനറൽ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ഏകപക്ഷീയ പ്രവർത്തനങ്ങളെ രാധാകൃഷ്ണൻ പിന്തുണയ്ക്കുകയാണെന്നുമാണ് ആരോപണം. ചുമതലക്കാരനെ മാറ്റിയില്ലെങ്കിൽ സംഘടനയിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണെന്നും വിമതവിഭാഗം അറിയിച്ചു. വിഷയം പരിഗണിക്കാമെന്നാണ് സി.പി.എം നേതൃത്വം അറിയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |