
തിരുവനന്തപുരം:മഴ പെയ്യുകയോ ചൂട് കുറയുകയോ ചെയ്യാതെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വതപരിഹാരമുണ്ടാവില്ല. ഉയർന്ന വില നൽകിയാലും പീക്ക് സമയത്ത് പവർ എക്‌സ്‌ചേഞ്ചിൽനിന്നടക്കം വൈദ്യുതി കിട്ടാനില്ല. വെെദ്യുതികട്ട് മുൻകൂട്ടി അറിയിക്കാൻ കെ.എസ്ഇ.ബി സംവിധാനമൊരുക്കി. വൈദ്യുതിനിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈലിൽ എസ്.എം.എസായി എത്തും. തിരുവനന്തപുരം ജില്ലയിലെ പരീക്ഷണം വിജയകരമായ സാഹചര്യത്തിൽ ഇന്ന് മുതൽ സംസ്ഥാനം മുഴുവൻ സംവിധാനം നിലവിൽവരും. ഒരുപ്രദേശത്ത് 2 തവണയിൽകൂടുതൽ വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കണമെന്ന് കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മാനേജ്‌മെൻറ് നിർദ്ദേശം നൽകി.
സ്‌റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെൻററിൽനിന്ന് 600 മെഗാവാട്ടിന്റെവരെ കുറവുണ്ടായാൽ എങ്ങനെ ക്രമീകരിക്കണമെന്ന് കണക്കാക്കിയാണ് വൈദ്യുതി മുടക്കത്തിന്റെ ഷെഡ്യൂൾ തയ്യാറാക്കിയിട്ടുള്ളത്. ഡി.എം.എസ് സോഫ്റ്റ്‌വെയറിലൂടെയാണ് അറിയിപ്പ് സംവിധാനം പ്രവർത്തിക്കുക. ആപ്പും ഉപയോഗിക്കുന്നുണ്ട്. ഫീഡറുകൾ, സബ്‌സ്റ്റേഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട് സമയം നിശ്ചയിക്കും. സെക്ഷൻ ഓഫീസിൽനിന്നാണ് ഉപഭോക്താക്കൾക്ക് എസ്.എം.എസ് നൽകുക. കഴിയുന്നത്ര നേരത്തേ എസ്.എം.എസ് നൽകുകയാണ് ലക്ഷ്യം.
വൈദ്യുതി പ്രതിസന്ധി ഈമാസം മുഴുവനും തുടരും. നേരത്തേയുള്ള കൈമാറ്റകരാറുകൾ പ്രകാരം മറ്റ് സംസ്ഥാനങ്ങൾക്ക് കെ.എസ്.ഇ.ബി വൈദ്യുതി നൽകുന്നത് ഈ മാസം അവസാനം വരെയാണ്. ഈ കരാർ കഴിയുന്നതോടെ തൽക്കാല ആശ്വാസമാകുമെങ്കിലും ചൂട് കൂടിയാൽ സ്ഥിതി വഷളാകും. മിക്കസംസ്ഥാനങ്ങളിലും ചൂടേറിയ കാലാവസ്ഥ തുടരുന്നതിനാലാണ് പവർ എക്‌സ്‌ചേഞ്ചിൽ നിന്നടക്കം വൈദ്യുതി കിട്ടാത്തത്. കേരളത്തിൽ രാത്രിയിലെ ഉയർന്ന ചൂട് ഉപഭോഗം വർദ്ധിപ്പിക്കുന്നു.
ദക്ഷിണേന്ത്യയിൽ രൂക്ഷം
കേരളത്തിൽ
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി കേരളത്തിലാണ്. സതേൺ റീജ്യണൽ ലോഡ് ഡെസ്പാച്ച് സെൻററിന്റെ കണക്കിൽ ബുധനാഴ്ച പീക്ക് സമയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആകെ ആവശ്യകത 58778 മെഗാവാട്ടായിരുന്നു. ലഭ്യമായ വൈദ്യുതി 56216 മെഗാവാട്ടും. 3827മെഗാവാട്ടിന്റെ കുറവാണുണ്ടായത്. കേരളത്തിന് പീക്ക് സമയത്ത് 14 ശതമാനത്തിന്റെ കുറവുണ്ടായി. ആന്ധ്രാപ്രദേശ്-9.48 %, കർണ്ണാടക-9.5 %, തമിഴ്നാട് 4.41% എന്നിങ്ങനെയാണ് കുറവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |