SignIn
Kerala Kaumudi Online
Thursday, 01 October 2026 1.54 AM IST

' ആ ഫോൺ ഇന്നും റിംഗ് ചെയ്യുന്നു, വിളിക്കേണ്ടയാൾ മാത്രം ഇല്ല ': വിനോദിനി കോടിയേരി

aa

കണ്ണൂർ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ തലശേരിയിലെ വീട്ടിൽ ആളൊഴിഞ്ഞ നേരമില്ലായിരുന്നു. പരാതിക്കാരും പ്രവർത്തകരും നേതാക്കളും രാവും പകലും വന്നുപോയ വീട്. കോടിയേരി വിടപറഞ്ഞിട്ട് ഇന്ന് നാലു വർഷം തികയുമ്പോൾ ആ വീടിന്റെ മതിൽക്കെട്ടിനുള്ളിൽ ഓർമ്മകൾ മാത്രമാണ് ഭാര്യ വിനോദിനിക്ക് കൂട്ട്. കോടിയേരിയുടെ ഫോൺ ഇപ്പോഴും വിനോദിനിയുടെ കൈവശമുണ്ട്. വിനോദിനി കോടിയേരി കേരളകൗമുദിയുമായി സംസാരിക്കുന്നു.


ആളും ആരവവും നിറഞ്ഞിരുന്ന വീട്ടിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്?

ഒറ്റരാത്രികൊണ്ട് ശൂന്യമായ വീടാണിത്. അദ്ദേഹം പടുത്തുയർത്തിയ ഈ മതിൽക്കെട്ടിനുള്ളിൽ ഞാൻ കഴിഞ്ഞുകൂടുന്നു. തിരുവനന്തപുരത്ത് മക്കളുടെ വീട്ടിൽ പോകുന്നതല്ലാതെ മറ്റൊരിടത്തും പോകാറില്ല. ബിനീഷ് കൂടെയുണ്ടാകുന്നതാണ് ഇപ്പോഴത്തെ ഏക ആശ്വാസം.

അദ്ദേഹത്തിന്റെ ഫോൺ ഇപ്പോഴും കയ്യിലുണ്ടെന്ന് കേട്ടു?

ഉണ്ട്. പാർട്ടിയിൽ ഏതെങ്കിലും വിഷയം ഉയരുമ്പോൾ ആ നമ്പറിലേക്ക് ഇന്നും വിളികളും സന്ദേശങ്ങളും വരും. അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാൻ എനിക്കു ശേഷിയില്ല.

'ഞാനില്ലാത്ത കാലം നീ ഒറ്റപ്പെട്ടുപോകും' എന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ

ഇപ്പോൾ എങ്ങനെ ഓർക്കുന്നു?

അതു സത്യമായി. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പഠിക്കണമെന്ന് പറഞ്ഞിരുന്നു. ഇനിയുള്ള കാലം ആരെയും ബുദ്ധിമുട്ടിക്കാതെ കഴിയണമെന്നേ ആഗ്രഹമുള്ളൂ.

രോഗകാലത്ത് ഒരു നിമിഷം പോലും അദ്ദേഹത്തെ വിട്ടുനിന്നിരുന്നില്ലല്ലോ?

രോഗം അറിഞ്ഞ നിമിഷം മുതൽ അവസാനം വരെ കൂടെയുണ്ടായിരുന്നു. കണ്ണിമ ചിമ്മാതെ പരിചരിച്ചു. ഒരു പദവിയും വേണ്ട, എന്റെ അടുത്തിരുന്ന് ഇങ്ങനെ സംസാരിച്ചാൽ മതി എന്നു മാത്രമായിരുന്നു ആ ദിവസങ്ങളിലെ പ്രാർത്ഥന. ഭർത്താവായും അച്ഛനായും അപ്പൂപ്പനായും കൂടെയുണ്ടായാൽ മതിയായിരുന്നു. ആ ഭാഗ്യം ഞങ്ങൾക്കുണ്ടായില്ല.

ഒരു നേതാവെന്ന നിലയിൽ കോടിയേരിയുടെ ഏറ്റവും പ്രധാന ഗുണം?

നൂറുപേർ ഒരേ വിഷയം പറയാൻ വന്നാലും അവസാനത്തെ ആളെയും അസഹിഷ്ണുതയില്ലാതെ കേൾക്കും. പരാതി പറഞ്ഞവർക്ക് അപ്പോൾത്തന്നെ ആശ്വാസം കിട്ടും. അദ്ദേഹത്തിന്റെ ഒരു വാർത്താസമ്മേളനം മതിയായിരുന്നു പല പ്രശ്നങ്ങളും തീരാൻ.

അദ്ദേഹമില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്?

വല്ലാത്ത വിങ്ങലായിരുന്നു. വോട്ട് ചെയ്യാൻ പോകുമ്പോൾ പോലും ഒരുമിച്ചു പോയിരുന്ന ഓർമ്മകൾ അലട്ടും. 1982-ൽ എന്റെ കന്നിവോട്ടും കോടിയേരി ബാലകൃഷ്ണനായിരുന്നു. ഓരോ പ്രശ്നം ഉയരുമ്പോഴും 'ബാലേട്ടൻ ഉണ്ടായിരുന്നെങ്കിൽ' എന്നാണ് ആദ്യം മനസിൽ വരുന്നത്. ഞങ്ങൾ എന്നും അദ്ദേഹത്തിന്റെ പാതയിൽ, പ്രസ്ഥാനത്തിനൊപ്പമുണ്ടാകും. അത് ഒരു സ്ഥാനത്തിനും വേണ്ടിയല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VINODHINI KODIYERI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA