SignIn
Kerala Kaumudi Online
Thursday, 01 October 2026 12.52 AM IST

3,000 കോടിയുടെ മയക്കുമരുന്നുമായി ബോട്ടും 5 പാകിസ്ഥാനികളും പിടിയിൽ

cg1

കൊച്ചി: ബോട്ടിൽ കടത്തുകയായിരുന്ന 3,000 കോടി രൂപ വിലമതിക്കുന്ന 526 കിലോ മാരക മയക്കുമരുന്ന് ശേഖരവുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിൽ.

അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്ത് വച്ചാണ്

കോസ്‌റ്റ് ഗാർഡും ഗുജറാത്ത് ഭീകരവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടിച്ചെടുത്തത്.

രഹസ്യവിവരത്തെ തുടർന്ന് കോസ്‌റ്റ് ഗാർഡ് നടത്തിയ നിരീക്ഷണത്തിലാണ് ഇറാൻ രജിസ്ട്രേഷനിലുള്ള മത്സ്യബന്ധന ബോട്ട് കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കോസ്‌റ്റ് ഗാർഡ് കപ്പൽ ബോട്ടിനെ തടഞ്ഞത്. പായ്‌ക്കറ്റുകളിലാക്കി ചാക്കിൽ കെട്ടി ബോട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഹെറോയിൻ, മെത്താംഫെറ്റാമൈൻ എന്നിവയാണ് ആറ് ചാക്കുകളിലുണ്ടായിരുന്നത്. മയക്കുമരുന്നും ബോട്ടും പാകിസ്ഥാൻ സ്വദേശികളെയും മുംബയിലെത്തിച്ചു. കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജൻസികൾ ഇവരെ ചോദ്യം ചെയ്‌തുവരികയാണ്.

ഭീകരവാദപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ നടത്തുന്ന മയക്കുമരുന്ന് കള്ളക്കടത്തിന്റെ ഭാഗമാണിതെന്നാണ് നിഗമനം. പാകിസ്ഥാനാണ് മയക്കുമരുന്നിന്റെ ഉറവിടമെന്നാണ് സൂചന. എവിടേയ്‌ക്കാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതെന്ന് കോസ്‌റ്റ് ഗാർഡ് വ്യക്തമാക്കിയിട്ടില്ല. തീവ്രവാദത്തിനായി നടത്തുന്ന കള്ളക്കടത്ത് തടയുന്നതിലും സമുദ്രസുരക്ഷയിലും നിർണായകമായ നേട്ടമാണിതെന്ന് അധികൃതർ അറിയിച്ചു.

പിന്നിൽ തീവ്രവാദികൾ

അഞ്ച് എ.കെ - 47 തോക്കുകളും ആയിരം തിരയും മയക്കുമരുന്നും ലക്ഷദ്വീപിന് സമീപത്ത് ബോട്ടിൽ നിന്ന് 2021 ഏപ്രിലിൽ കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു. അറസ്റ്റിലായ ശ്രീലങ്കൻ പൗരൻ സുരേഷ് രാജ് കടൽ വഴിയുള്ള മയക്കുമരുന്ന്, ആയുധക്കടത്ത് ഇടപാടുകളെപ്പറ്റി എൻ.ഐ.എക്ക് മൊഴി നൽകിയിരുന്നു.

പാകിസ്ഥാനിൽ നിന്ന് ഇറാൻ തുറമുഖങ്ങൾ വഴിയാണ് മയക്കുമരുന്ന് കടത്തുന്നതെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു. കപ്പലിൽ നിന്നാണ് മത്സ്യബന്ധന ബോട്ടുകൾക്ക് കൈമാറുന്നത്. ശ്രീലങ്കയിലെയും ഇന്ത്യയിലെയും മത്സ്യബന്ധന തുറമുഖങ്ങൾ വഴി വൻകരയിൽ എത്തിച്ച് വിപണനം നടത്തും. പാകിസ്ഥാനിലെ തീവ്രവാദ സംഘടനകളാണ് മയക്കുമരുന്ന് കടത്തലിന് പിന്നിലെന്നാണ് എൻ.ഐ.എ കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARCOTICS CATCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA