
തിരുവനന്തപുരം:സർവീസ് പെൻഷനും കുടുംബ പെൻഷനും ഒരുമിച്ച് വാങ്ങുന്നവർക്ക് അവ ഒരു അക്കൗണ്ടിൽ ലഭ്യമാക്കും.
ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാക്കാൻ സർക്കാർ ഉത്തരവ്. ഇവർക്ക് സിംഗിൾ മോഡ്,സിംഗിൾ അക്കൗണ്ട് രീതിയിലായിരിക്കും പെൻഷൻ വിതരണം. നിലവിൽ ബാങ്ക് വഴിയോ, ട്രഷറി വഴി നേരിട്ടോ മണിയോർഡറായോ വ്യത്യസ്ത അക്കൗണ്ടുകളിൽ രണ്ടുപെൻഷനും വാങ്ങാമായിരുന്നു. അതിനാണ് മാറ്റം വരുന്നത്.
ഏത് അക്കൗണ്ടിലൂടെ വാങ്ങാനാണ് താത്പര്യമെന്ന് ട്രഷറിയിൽ നിന്ന് അറിയിപ്പ് കിട്ടി ഒരുമാസത്തിനുള്ളിൽ അതത് ട്രഷറികളിൽ അറിയിക്കണം. ഇത്തരത്തിൽ പെൻഷൻ വാങ്ങേണ്ടവരുടെ പേരുവിവരം അതത് ട്രഷറികളിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. പെൻഷൻകാർക്ക് നേരിട്ട് നോട്ടീസും നൽകും. മാറ്റം വരുത്തുന്നതിനൊപ്പം എല്ലാ പെൻഷൻകാർക്കും ഒരു യൂണിക്ക് ഐ.ഡി. നമ്പറും നൽകും. ഇതുസംബന്ധിച്ച് ധനവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ജി.ആർ.ഗോകുൽ ഉത്തരവ് പുറത്തിറക്കി.
ഒരേ കുടുംബത്തിൽ രണ്ട് സർവീസ് പെൻഷൻകാരുണ്ടെങ്കിൽ ഒരാൾ മരിച്ചുകഴിഞ്ഞാൽ മറ്റേയാൾക്ക് സർവീസ് പെൻഷന് പുറമെ കുടുംബ പെൻഷൻ കിട്ടും. എന്നാൽ ഇത്തരം പെൻഷൻകാർക്ക് രണ്ടുപെൻഷനും കിട്ടുമെങ്കിലും മറ്റ് അലവൻസുകൾ ഒരെണ്ണം മാത്രം കിട്ടാനാണ് അർഹത. എല്ലാ മാസവും മെഡിക്കൽ അലവൻസായി 500രൂപവീതവും പെൻഷൻ തുകയ്ക്ക് ആനുപാതികമായി ഫെസ്റ്റിവൽ അലവൻസും 80വയസ് പിന്നിട്ടവരാണെങ്കിൽ സ്പെഷ്യൽ കെയർ അലവൻസും വിതരണം ചെയ്യുന്നുണ്ട്. രണ്ടുപെൻഷനും വാങ്ങുന്നവർ ഇതെല്ലാം തെറ്റായി രണ്ട് തവണ വാങ്ങുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ മാറ്റം. ഇത്തരത്തിൽ വാങ്ങുന്നവരെ പാൻ,പിൻ,മൊബൈൽ,മെഡിസെപ്(പി.ഐ.എം.എസ്) വഴി കണ്ടെത്തിയാണ് നോട്ടീസ് നൽകുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |