
തിരുവനന്തപുരം: പ്രളയം നേരിട്ട ചെറുകിട വ്യവസായികൾക്കും സംരംഭകർക്കും ആശ്വാസമായി 12 ലക്ഷം വരെയുള്ള 'ഉജ്ജീവന' സോഫ്റ്റ് ലോൺ സ്കീം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങൾ, വ്യാപാരികൾ, സംരംഭകർ എന്നിവർക്കാണ് പ്രയോജനം. ഹോം സ്റ്റേകൾ, കിസാൻ കാർഡുടമകൾ, ക്ഷീരകർഷകർ, താറാവ് അടക്കം പക്ഷികളെ വളർത്തുന്നവർ, തേനീച്ച കർഷകർ, ടൂറിസ്റ്റ്- കൊമേഴ്സ്യൽ വാഹന ഉടമകൾ തുടങ്ങിയവർക്കെല്ലാം വായ്പ ലഭിക്കും. ബാങ്കുകളുമായി ചേർന്നാണ് 12 ലക്ഷം വരെ വായ്പ.
മൂന്ന് തരത്തിലാണ് നടപ്പാക്കുക. 12 ലക്ഷം വരെ വായ്പയെടുക്കുന്നവർക്ക് 25 ശതമാനം വായ്പത്തുകയോ മൂന്നു ലക്ഷം രൂപയോ മാർജിൻ തുകയായി സർക്കാർ ബാങ്കിന് നൽകും.മാർജിൻ തുക വേണ്ടാത്തവർക്ക് 5 വർഷത്തെ വായ്പയുടെ 9% പലിശ സർക്കാർ നൽകും. മുൻപ് വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ കഴിയാത്തവർക്കും അഞ്ച് വർഷത്തേക്ക് 9% പലിശ സർക്കാർ നൽകും.
വെള്ളംകയറി കടകൾ നശിച്ചവർക്കും ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്കും ഓരോ കടയ്ക്കും പതിനായിരം രൂപ നൽകും. പത്തനംതിട്ടയിലും ഈരാറ്റുപേട്ടയിലുമടക്കം നിരവധി കടകളാണ് വെള്ളം കയറിയത്. ആദ്യമായാണ് ഇത്തരമൊരു സഹായം.
മത്സ്യത്തൊഴിലാളികൾക്കുള്ള പുനർഗേഹം പദ്ധതിയിലെ പരാതികൾ പരിഹരിച്ച് പുതിയ ഭവനനിർമ്മാണ പദ്ധതി നടപ്പാക്കും. കടൽഭിത്തി പരമാവധി സ്ഥലത്ത് ഉടൻ നിർമ്മിക്കും.
ഡാമിലും നദിയിലും മണൽഉടൻ നീക്കും:മുഖ്യമന്ത്രി
നദികളിലും അണക്കെട്ടുകളിലും 2018 ലെ പ്രളയം മുതൽ കെട്ടിക്കിടക്കുന്ന മണലും ചെളിയും ഉടൻനീക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.ചെറിയ മഴ പെയ്യുമ്പോൾ തന്നെ നദികളും അണക്കെട്ടുകളും നിറഞ്ഞുകവിയുകയാണ്. ഇവ നീക്കുന്നതോടെ 50 മുതൽ 60 ശതമാനം വരെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. റവന്യു, ജലസേചന വകുപ്പുകൾ ചേർന്ന് പദ്ധതി തയാറാക്കും. മഴ മാറിക്കഴിഞ്ഞാൽ ഉടൻ നടപടികൾ തുടങ്ങും.
പുഴയിലേക്ക് വെള്ളം വരുന്ന തോടുകളിലും കനാലുകളിലും തടാകങ്ങളിലും കൈയേറ്റം ഒഴിപ്പിക്കും. 90ഓളം ഷട്ടറുകൾ തുറന്നിട്ടാണ് കുട്ടനാട്ടിൽ ഇത്രയെങ്കിലും പ്രശ്നം കുറയ്ക്കാൻ കഴിഞ്ഞത്. വേമ്പനാട് കായലിലെ ചെളി നീക്കാൻ ഡ്രഡ്ജിങ് വേണ്ടിവരും.
രാജ്യത്തിന് തന്നെ മാതൃകുയാകുന്ന ദുരന്ത പ്രതിരോധ സംവിധാനം (ഡിസാസ്റ്റർ റസിലിയൻസ്) നടപ്പാക്കും. ഓഖിക്ക് ശേഷം അറബിക്കടലിലും വലിയ മാറ്റമുണ്ടായി. ഇതെല്ലാം വിലയിരുത്തിയുള്ള ശാസ്ത്രീയ സംവിധാനമാണ് നടപ്പാക്കുക. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള നയവും പ്രഖ്യാപിക്കും. ദുരന്തനിവാരണ അതോറിറ്റി സംവിധാനം ഏറ്റവും ആധുനികവൽക്കരിക്കും. മികച്ച ടീം അതിനായി പ്രവർത്തിക്കും. പ്രഗത്ഭരായ ഒരുപാട് പേർ സന്നദ്ധരായി വന്നിട്ടുണ്ട്.
ഒഡിഷ പോലുള്ള സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഒരുപാട് മുന്നോട്ടുപോയി. നമുക്ക് അതിനു കഴിഞ്ഞില്ല. കഴിഞ്ഞ സർക്കാർ ചെയ്യാത്തതിനെ കുറ്റപ്പെടുത്താനുള്ള സമയമല്ല. കാലാവസ്ഥയിലുണ്ടായ മാറ്റത്തിനനുസരിച്ച് കേരളം തയാറെടുപ്പ് നടത്തണം. പുഴകളുടെ ഭൂമി വൻതോതിൽ കൈയേറിയിട്ടുണ്ട്. തിരിച്ചുപിടിക്കാൻ പുഴകളുടെ ഭൂമി ഓഡിറ്റ് ചെയ്യും. സർക്കാർ ആസ്തികളുടെ രജിസ്ട്രി തയാറാക്കുന്നതിൽ പുഴകളും തോടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുഴകളെ പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |