SignIn
Kerala Kaumudi Online
Thursday, 29 October 2026 1.03 AM IST

പരീക്ഷാ - നിയമന തട്ടിപ്പ്: പി.എസ്.സി ചെയർമാന് കുരുക്കായി നിരവധി വീഴ്ചകൾ

mr-baiju

തിരുവനന്തപുരം: പരീക്ഷാ,നിയമന ക്രമക്കേടിൽ പി.എസ്.സി ചെയർമാൻ ഡോ.എം.ആർ.ബൈജുവിനെയും അഭിമുഖസമിതിയിലുണ്ടായിരുന്ന കമ്മിഷൻ അംഗങ്ങളെയും പ്രതികളാക്കാൻ പാകത്തിൽ നിരവധി കണ്ടെത്തലുകൾ.

ആസൂത്രണബോർഡ് പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതരക്രമക്കേടാണ് കാട്ടിയത്. വേണ്ടപ്പെട്ടയാളെ ഒന്നാംറാങ്കിലെത്തിക്കാൻ 58 മാർക്കിന്റെ 10 ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യാത്തത് ക്രിമിനൽ നടപടിയാണ്. ഉത്തരക്കടലാസിൽ പൊതുവിജ്ഞാനം ഉൾപ്പെട്ട ഭാഗം മൂല്യനിർണയത്തിന് കൈമാറാതിരുന്നത് സോഫ്‌റ്റ്‌വെയറിലെ പിഴവാണെന്ന വാദം കളവാണെന്ന് എസ്.ഐ.ടി കണ്ടെത്തി.

പിഴവ് കണ്ടെത്തിയിട്ടും റാങ്ക് പട്ടിക റദ്ദാക്കാനോ നിയമനം നൽകാതിരിക്കാനോ ശ്രമിച്ചില്ല. നിയമിച്ച് ഒരു വർഷമാവും മുൻപ് ക്രമക്കേട് കണ്ടെത്തിയാൽ നിയമനം റദ്ദാക്കാനുള്ള അധികാരവും പ്രയോഗിച്ചില്ല. വിജിലൻസ് എസ്.പി ഇതിന് ശുപാർശ ചെയ്തിട്ടും ചെയർമാൻ വകവച്ചില്ല. ഉത്തരക്കടലാസിന്റെ പകർപ്പ് നൽകാതിരിക്കാനും ശ്രമിച്ചു. പരാതിക്കാരനായ ജയലാൽ പകർപ്പിന് 2025 ജൂൺ11ന് അപേക്ഷിച്ചിട്ടും മനഃപൂർവ്വം കാലതാമസം വരുത്തി 2026ജൂൺ 18നാണ് നൽകിയത്. ഒന്നാം റാങ്കുകാരൻ അരുൺ ജെ.പ്രതാപിന്റെ നിയമന കാലാവധി ഒരു വർഷം പൂർത്തിയാക്കി അദ്ദേഹത്തിന് നിയമസംരക്ഷണം ഉറപ്പാക്കാനായിരുന്നു ഒത്തുകളി.

അഭിമുഖസമിതി രൂപീകരിച്ചതിലും ഗുരുതരക്രമക്കേടുണ്ടായി. എഴുത്തുപരീക്ഷകളിലെ മാർക്ക് ചെയർമാൻ മുൻകൂട്ടി ശേഖരിച്ചിരുന്നു. ചെയർമാൻ സ്വന്തം നിലയിൽ തീരുമാനമെടുത്ത് ഉത്തരവുകളിറക്കിയിരുന്നു.

അഴിമതിയും വിശ്വാസവഞ്ചനയും

ചെയർമാനും അംഗങ്ങൾക്കുമെതിരേ ബി.എൻ.എസ് 316(5) (വിശ്വാസവഞ്ചന), അഴിമതി നിരോധന നിയമത്തിലെ 7, 13(1)(എ) വകുപ്പുകൾ ചുമത്തും. ഉദ്യോഗാർത്ഥികൾക്ക് മാർക്ക് നിഷേധിച്ചതിലൂടെ മെച്ചപ്പെട്ട റാങ്കും നിയമനാവസരവും നഷ്ടമാക്കി. വേണ്ടപ്പെട്ടവർക്ക് അനധികൃത നിയമനം നൽകി അന്യായ ലാഭമുണ്ടാക്കി. പൊതുജന സേവകരെന്ന നിലയിൽ ഏൽപ്പിച്ച ചുമതല ലംഘിച്ച് വിശ്വാസവഞ്ചന നടത്തി. ജാമ്യമില്ലാ വകുപ്പായതിനാൽ സ്റ്റേഷൻ ജാമ്യം ലഭിക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: M R BAIJU PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA