SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.30 AM IST

മമ്മൂട്ടിയുടെ മുഖം ആദ്യം പകർത്തിയ ക്യാമറക്കണ്ണ്

krishnankutty-nair
കുഞ്ചാക്കോയും ടി.എൻ കൃഷ്ണൻകുട്ടി നായരും

ആലപ്പുഴ: മലയാളത്തിന്റെ മഹാനടനായി മമ്മൂട്ടി വളരുന്നതിനു മുമ്പ്, മുഹമ്മദ്‌കുട്ടി എന്ന യുവാവിനെ ആദ്യമായി ക്യാമറയിൽ പകർത്തിയത് ടി.എൻ. കൃഷ്ണൻകുട്ടി നായരാണ്. 1972 ഡിസംബറിൽ 'കാലചക്രം" എന്ന സിനിമയിൽ കടത്തുകാരന്റെ വേഷത്തിലാണ് മുഹമ്മദ്‌കുട്ടി എത്തിയത്. കൃഷ്ണൻകുട്ടിനായരുടെ ക്യാമറക്കണ്ണ് പതിഞ്ഞ ആ കടത്തുകാരൻ പിന്നീട് മലയാള സിനിമയുടെ അമരക്കാരനായി.

കൃഷ്ണൻകുട്ടിയുടെ അച്ഛൻ കല്ലേലിൽ നാരായണൻ പിള്ളയുടെ പരിചയക്കാരനായിരുന്നു കുഞ്ചാക്കോ. അങ്ങനെയാണ് പത്തൊമ്പതാം വയസിൽ സിനിമാമോഹവുമായി ഉദയാ സ്റ്റുഡിയോയിലെത്തിയ കൃഷ്ണൻകുട്ടി,​ ക്യാമറ അപ്രന്റീസാകുന്നത്. 'വെള്ളിനക്ഷത്ര"ത്തിൽ ക്യാമറാ സംഘത്തോടൊപ്പം പ്രവർത്തിച്ച അദ്ദേഹം,​ പിന്നീട് 'കിടപ്പാടം" എന്ന ചിത്രത്തിൽ ക്യാമറ അസിസ്റ്റന്റായി. 1960ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത 'ഉമ്മ"യിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി.

കൊട്ടരക്കര ശ്രീധരൻ നായർ അഭിനയിച്ച 1964ലെ ഉദയായുടെ പഴശിരാജയിൽ പ്രവർത്തിക്കവെ​ റഷസിൽ തെളിച്ചക്കുറവ് കണ്ടതിനെത്തുടർന്ന് കൃഷ്ണൻകുട്ടിയെ പിരിച്ചുവിട്ടു. ലാബിലെ പ്രോസസിംഗിലെ തകരാറാണ് കാരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞ കുഞ്ചാക്കോ,​ മാനേജരെ മദിരാശിയിലേക്കയച്ച് അദ്ദേഹത്തെ തിരികെ വിളിച്ചു. എം. കൃഷ്ണൻനായരുടെ സംവിധാനത്തിൽ 'കാട്ടുതുളസി"യിലൂടെ കൃഷ്ണൻകുട്ടി വീണ്ടും ഉദയായുടെ ക്യാമറ കൈയിലെടുത്തു.

ഉദയായിലെ ഇടവേളകളിലും കൃഷ്ണൻകുട്ടിയുടെ ക്യാമറയ്ക്ക് വിശ്രമമുണ്ടായില്ല. സത്യന്റെ സഹോദരൻ എം.എം.നേശൻ സംവിധാനം ചെയ്ത ചെകുത്താന്റെ കോട്ടയിലൂടെയും തുടർന്ന് എ.ബി. രാജ്, ഹരിഹരൻ തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധേയനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA