കൽപ്പറ്റ: മീനങ്ങാടി സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്‌ണനെ സ്ഥലംമാറ്റിയ നടപടിക്ക് സ്റ്റേ. കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് ഉത്തരവ് സ്റ്റേ ചെയ്‌തത്. ചട്ടങ്ങൾ പാലിച്ചല്ല യാത്ര ചെയ്‌തതെന്നും മുൻകൂട്ടി അനുമതി തേടിയിരുന്നില്ലെന്നും കാട്ടിയായിരുന്നു നടപടി. എന്നാൽ, ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖ നേരത്തേ പുറത്തുവന്നിരുന്നു.
റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യൂക്കേഷന് (ആർഡിഡി) ഓഗസ്റ്റ് 14ന് അയച്ച അപേക്ഷയുടെ പകർപ്പാണ് പുറത്തുവന്നത്. രണ്ട് മാസത്തോളം കാത്തിരുന്നിട്ടും ഇതിന് മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് ഒക്‌ടോബർ 25നാണ് സ്‌കൂളിൽ നിന്ന് ഹൈദരാബാദിലേക്ക് വിനോദയാത്ര പോയത്. ഇത്തരം അപേക്ഷകളിൽ പലപ്പോഴും കൃത്യസമയത്ത് മറുപടി ലഭിക്കാറില്ലെന്നും ഈ സാഹചര്യത്തിലാണ് യാത്രയുമായി മുന്നോട്ട് പോയതെന്നും സ്‌കൂൾ അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു.
മീനങ്ങാടി സ്‌കൂളിലെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആരോപണങ്ങളെത്തുടർന്നാണ് വിവാദം ഉടലെടുത്തത്. എന്നാൽ, വൈദ്യപരിശോധനയിൽ പ്രിൻസിപ്പൽ മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞിരുന്നു. വിനോദയാത്രയ്‌ക്കിടെ കുട്ടികൾ അപക്വമായി പകർത്തിയ ദൃശ്യങ്ങൾ ചിലർ രാഷ്‌ട്രീയമായി ഉപയോഗിച്ചെന്നായിരുന്നു ഷിവി കൃഷ്‌ണന്റെ പ്രതികരണം. പ്രിൻസിപ്പൽ നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരെ തങ്ങൾ പരാതി പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി വിദ്യാർത്ഥികളും രംഗത്തെത്തിയിരുന്നു. പ്രിൻസിപ്പലിനെ അനാവശ്യമായി സ്ഥലംമാറ്റിയതിനെതിരെ സ്‌കൂളിലെ വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധം നടത്തിവരികയായിരുന്നു.
The Kerala Administrative Tribunal has stayed the transfer of Meenangadi Government Higher Secondary School principal Shivi Krishnan over the school trip controversy. The principal had reportedly sought prior permission for the Hyderabad trip. Students had also protested against his transfer, claiming the action was unjustified.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |