SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.36 AM IST

124 തൊണ്ടിമുതൽ കട്ടോണ്ടുപോയി, എറണാകുളം ജില്ല കോടതി സമുച്ചയത്തിൽ വീണ്ടും കേസ് അട്ടിമറിശ്രമം

court
court

കൊച്ചി: അതീവസുരക്ഷയുള്ള എറണാകുളം ജില്ല കോടതി സമുച്ചയത്തിലെ സ്ട്രോംഗ് റൂമിൽ നിന്ന് വീണ്ടും സുപ്രധാന തൊണ്ടിമുതലുകൾ മോഷണം പോയി. 1.90 ലക്ഷം രൂപ വിലമതിക്കുന്ന റാഡോ വാച്ച് ഉൾപ്പെടെ 124 തൊണ്ടിമുതലുകളാണ് കാണാതായത്. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി (രണ്ട്) പരിഗണിക്കുന്ന കേസുകളിലെ തൊണ്ടികളാണിവ. കോടതി ജൂനിയർ സൂപ്രണ്ട് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം തുടങ്ങി.അഭിമന്യു വധക്കേസിലെ ചാർജ് ഷീറ്റും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും അടക്കം 83 രേഖകൾ കാണാതായത് ഇതേ സമുച്ചയത്തിൽനിന്നാണ്. ഫസൽ വധക്കേസിലെ ചോരപുരണ്ട തൂവാല കാണാതായതും ഇവിടെനിന്നുതന്നെ.

2016 ജനുവരി ഒന്നു മുതൽ 2026 സെപ്തംബർ 21 വരെയുള്ള കേസുകളിലെ തൊണ്ടികളാണ് നഷ്ടപ്പെട്ടത്. ഒക്ടോബർ 29നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഏതൊക്കെ കേസിലെ തൊണ്ടിയാണ് നഷ്ടപ്പെട്ടതെന്ന് പരിശോധിക്കുന്നതായി സെൻട്രൽ സി.ഐ അനീഷ് ജോയ് പറഞ്ഞു. സ്ട്രോംഗ്റൂം ചുമതലക്കാരന്റെയടക്കം മൊഴി രേഖപ്പെടുത്തും.

2016ൽ കൊച്ചിയിലെ വനിതാവ്യവസായിയെ ഭീഷണിപ്പെടുത്തി ക്വട്ടേഷൻ സംഘം 1.5 കോടി രൂപ വിലമതിക്കുന്ന ആഡംബര കാറും റാഡോ വാച്ചും തട്ടിയെടുത്തിരുന്നു. അന്വേഷണം നടത്തിയ സൗത്ത് പൊലീസ് തൃപ്രയാറിലെ പണമിടപാടുകാരന് പ്രതികൾ 30 ലക്ഷം രൂപയ്‌ക്ക് പണയംവച്ച കാറും വാച്ചും കസ്റ്റഡിയിലെടുത്തു. വനിതാവ്യവസായിയും ഒരു ജുവലറി ഉടമയും തമ്മിലുള്ള റിയൽ എസ്റ്റേറ്റ് സാമ്പത്തിക തർക്കമാണ് ക്വട്ടേഷന് കാരണമായത്. ഭർത്താവിന്റെ റാഡോ വാച്ച് വിട്ടുകിട്ടാനായി വനിതാവ്യവസായി നൽകിയ ക്ലെയിം പെറ്റീഷൻ കഴിഞ്ഞദിവസം കോടതി അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി സൂക്ഷിപ്പുകേന്ദ്രം പരിശോധിച്ചപ്പോഴാണ് വാച്ച് കാണാനില്ലെന്നറിഞ്ഞത്. ഓഡിറ്റ് റിപ്പോർട്ടടക്കമുള്ള രേഖകൾ പരിശോധിച്ചതോടെയാണ് 123 തൊണ്ടിമുതലുകൾകൂടി അടിച്ചുമാറ്റിയതായി വ്യക്തമായത്.

അട്ടിമറിക്കു പിന്നിലെ സാദ്ധ്യതകൾ

1. തൊണ്ടിമുതലുകൾ നേരത്തേ മറ്റൊരു മുറിയിലാണ് സൂക്ഷിച്ചിരുന്നത്. 10 വർഷം മുമ്പ് പുതിയ മുറിയിലേക്ക് മാറ്റി. ഇതിനിടയിലാവാം അട്ടിമറി നടന്നത്.

2. തൊണ്ടിമുതൽ മാറ്റുമ്പോൾ കൃത്യമായി രേഖകൾ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അത് കൃത്യമായി നിർവഹിച്ചിട്ടുണ്ടോ?

3. കേസുകൾ അട്ടിമറിക്കാൻ തൊണ്ടിമുതലുകൾ മോഷ്ടിച്ച് നശിപ്പിച്ചതാകാനുള്ള സാദ്ധ്യത ഏറെയാണ്. അതിനുപിന്നിലെ ഗൂഢാലോചനയിൽ ഏതൊക്കെ ജീവനക്കാരുണ്ടാവും?​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT ROBERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA