കൊച്ചി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുന്ന വോട്ടർപ്പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) മറവിലും സൈബർതട്ടിപ്പ്. കമ്മിഷൻ ഓഫീസിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന വീഡിയോ കോൾ ചെയ്തയാൾ പേരിലെ പിശക് തിരുത്താൻ 10 രൂപ രജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെട്ട ശേഷം 72 കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് 7.70 ലക്ഷം രൂപ. സംഭവത്തിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് അന്വേഷണം തുടങ്ങി.
സ്വകാര്യ ടെലികോം കമ്പനിയിൽ നിന്ന് വിരമിച്ച തൃപ്പൂണിത്തുറ എരൂർ സ്വദേശിക്കാണ് പണം നഷ്ടമായത്. വയോധികന്റെയും പിതാവിന്റെയും പേരുകൾ തമ്മിൽ പൊരുത്തക്കേടുണ്ടെന്നും തിരുത്തിക്കിട്ടുന്നതിന് ഇതോടൊപ്പമുള്ള നമ്പരിൽ ബന്ധപ്പെടണമെന്നും വെള്ളിയാഴ്‌ച എസ്.എം.എസ് സന്ദേശമെത്തി. ഈ നമ്പറിൽ വയോധികൻ വിളിച്ചപ്പോൾ എടുത്തില്ല. പിന്നീട് ഒരാൾ തിരിച്ച് വിളിച്ച് കാര്യങ്ങൾ തിരക്കിയ ശേഷം ഫോൺ കട്ട് ചെയ്തു. പിന്നാലെ വാട്സാപ്പിൽ വീഡിയോ കോൾ എത്തി.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്നും പേരിലെ പിശക് തിരുത്താൻ 10 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശിച്ചു. ഇതിനായി വീഡിയോ കോളിനിടെ 'എസ്.ഐ.ആർ നെയിം കറക്ഷൻ ഫോം" എന്ന പേരിൽ ലിങ്ക് അയച്ചു കൊടുത്തു. ഇത് തുറന്നിട്ടും ഓൺലൈനായി പണം അടയ്ക്കാൻ സാധിച്ചില്ല. ഇതോടെ എ.ടി.എം കാർഡിന്റെ വിശദാംശങ്ങൾ തന്നാൽ പണം അടയ്‌ക്കാൻ സഹായിക്കാമെന്ന് വിളിച്ചയാൾ പറഞ്ഞു. കാർഡിന്റെ ഫോട്ടോയെടുത്ത് അയച്ചതോടെയാണ് 7.70 ലക്ഷം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത്. 3.20 ലക്ഷം, 4.50 ലക്ഷം എന്നിങ്ങനെ രണ്ട് തവണകളായി രണ്ട് അക്കൗണ്ടുകളിലേക്കാണ് തുക പോയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |