SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.16 PM IST

വിനോദയാത്രയ്‌ക്ക് മുൻകൂർ അനുമതി തേടിയിരുന്നു; മീനങ്ങാടി സ്‌കൂൾ പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയത് തെറ്റെന്ന് തെളിയിക്കുന്ന രേഖ പുറത്ത്

application
ആർഡിഡിയ്‌ക്ക് അയച്ച അപേക്ഷ

കൽപ്പറ്റ: മീനങ്ങാടി സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്‌കൂൾ അധികൃതർ യാത്രയ്‌ക്ക് മുൻകൂട്ടി അനുമതി തേടിയിരുന്നുവെന്ന് വ്യക്തമാക്കുന്ന അപേക്ഷയുടെ പക‌ർപ്പ് പുറത്തുവന്നു. റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യൂക്കേഷന് (ആർഡിഡി) ഓഗസ്റ്റ് 14ന് അയച്ച അപേക്ഷയുടെ പകർപ്പാണ് പുറത്തുവന്നത്.

എന്നാൽ, രണ്ട് മാസത്തോളം കാത്തിരുന്നിട്ടും ഇതിന് മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് ഒക്‌ടോബർ 25നാണ് സ്‌കൂളിൽ നിന്ന് ഹൈദരാബാദിലേക്ക് വിനോദയാത്ര പോയത്. ഇത്തരം അപേക്ഷകളിൽ പലപ്പോഴും കൃത്യസമയത്ത് മറുപടി ലഭിക്കാറില്ലെന്നും ഈ സാഹചര്യത്തിലാണ് യാത്രയുമായി മുന്നോട്ട് പോയതെന്നുമാണ് സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നത്. ആർഡിഡിയുടെ അനുമതി വാങ്ങാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും വിനോദയാത്ര സംഘടിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് മീനങ്ങാടി സ്‌കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്‌ണനെ വടുവഞ്ചാൽ സ്‌കൂളിലേക്ക് സ്ഥലംമാറ്റിയത്. എന്നാൽ, സ്ഥലംമാറ്റത്തിന്റെ കാരണം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മീനങ്ങാടി സ്‌കൂളിലെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആരോപണങ്ങളെത്തുടർന്നാണ് വിവാദം ഉടലെടുത്തത്. എന്നാൽ, വൈദ്യപരിശോധനയിൽ പ്രിൻസിപ്പൽ മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞിരുന്നു. വിനോദയാത്രയ്‌ക്കിടെ കുട്ടികൾ അപക്വമായി പകർത്തിയ ദൃശ്യങ്ങൾ ചിലർ രാഷ്‌ട്രീയമായി ഉപയോഗിച്ചെന്നായിരുന്നു ഷിവി കൃഷ്‌ണന്റെ പ്രതികരണം. പ്രിൻസിപ്പൽ നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരെ തങ്ങൾ പരാതി പറ‌ഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി വിദ്യാർത്ഥികളും രംഗത്തെത്തിയിരുന്നു. പ്രിൻസിപ്പലിനെ അനാവശ്യമായി സ്ഥലംമാറ്റിയതിനെതിരെ സ്‌കൂളിലെ വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധം നടത്തിവരികയാണ്.

English Summary

An application has emerged showing that Meenangadi Government Higher Secondary School sought prior permission for its Hyderabad excursion on August 14. No response was received for nearly two months. The controversy led to the principal's transfer, while students are protesting the decision and supporting him.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEENANGADI SCHOOL CONTROVERSY, HYDERABAD SCHOOL TRIP ISSUE, SHIVI KRISHNAN TRANSFER, MEENANGADI SCHOOL YATHRA VIVADAM, MEENANGADI SCHOOL PRINCIPAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA