പ്രായപൂർത്തിയാകാത്ത പ്രതികൾ കസ്റ്റഡിയിൽ
ശ്രീകാര്യം: തലസ്ഥാന നഗരിയിൽ പ്രണയപ്പകയെത്തുടർന്ന് 17 കാരനെ കൊലപ്പെടുത്തി ചാക്കിലാക്കി കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പെൺകുട്ടിയും നിരവധി കേസുകളിലെ പ്രതിയായ 22കാരൻ ഉമർ മുഖ്താറും പിടിയിൽ. ശ്രീകാര്യം പാങ്ങപ്പാറ സംഗീത നഗർ നേതാജി ലെയിനിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ മധുവിന്റെയും ധർമ്മജയുടെയും മകൻ അഭിറാം (17)ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ കൂട്ടുകാരൻ വിളിക്കുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയ അഭിറാം തിരിച്ചെത്താത്തിനാൽ പിതാവ് ഫോണിൽ വിളിച്ചപ്പോൾ ഉടനെ എത്തുമെന്നായിരുന്നു മറുപടി. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ പിതാവും ബന്ധുക്കളും ശ്രീകാര്യം പൊലീസിൽ പരാതി നൽകി.
സൈബർ സെൽ മുഖേന അഭിറാമിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇൻസ്റ്റാഗ്രാം വഴി ഒരു പെൺകുട്ടിയുടെ ശബ്ദത്തിൽ വിളിച്ചതനുസരിച്ചാണ് വീട്ടിൽനിന്ന് പോയതതെന്ന് മനസിലാക്കി. തുടർന്ന് ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്തു. ഇവരിൽനിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 17 വയസുകാരനടക്കം രണ്ട് പേരെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇന്നലെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. തുടർന്നാണ് നിർണായക വിവരം ലഭിച്ചത്.
അഭിറാമിനെ വിളിച്ചുവരുത്തി ചവിട്ടിവീഴ്ത്തിയശേഷം കൊലപ്പെടുത്തി, മൃതദേഹം പാങ്ങപ്പാറ പേരൂർ ജംഗ്ഷന് സമീപം ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ചെന്ന് പ്രതികൾ സമ്മതിച്ചു. തുടർന്ന് പൊലീസ് മൃതദേഹം കണ്ടെത്തി. 17 കാരനെ രാത്രിയോടെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി കുറ്റം സമ്മതിച്ചതായി സിറ്റിപൊലീസ് കമ്മീഷണർ അരുൾ.ബി കൃഷ്ണ പറഞ്ഞു.
അഭിറാമിനെ കണ്ടെത്തുന്നതിൽ പൊലീസ് തുടക്കത്തിൽ വീഴ്ച കാട്ടിയെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ഇന്നലെ രാത്രി ശ്രീകാര്യം പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. അഭിറാമിന്റെ മാതാവും സഹോദരിയും ഗൾഫിലാണ്. എം.ജി. കോളജിന് സമീപം എൻ.എസ്.എസ് ഹയർസെക്കഡറി സ്‌കൂളിലെ ഒന്നാംവർഷ ഹ്യുമാനിറ്റിസ് വിദ്യാർത്ഥിയാണ് അഭിറാം.
എന്നാൽ സ്ഥീരീകരിക്കാത്ത മറ്റൊരു നിർണായക വിവരംകൂടി പൊലീസിന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന അഭിറാമിന്റെ സൃഹൃത്തിനെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതത്രെ. സുഹൃത്തിനെ ഫോണിൽവിളിച്ച് വരാൻ ആവശ്യപ്പെട്ടുവെങ്കിലും അപകടം മനസിലാക്കി എത്തിയില്ല. തുടർന്നാണ് അഭിറാമിൻെ ഫോണിൽവിളിച്ചത്. സ്ഥലത്തെത്തിയ അഭിറാം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |