
ന്യൂഡൽഹി: എം.ടി.വാസുദേവൻ നായരുടെ മകളും നർത്തകിയുമായ അശ്വതി വി.നായർക്ക് ഡോ. മംഗളം സ്വാമിനാഥൻ ദേശീയ മികവ് പുരസ്‌കാരം. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിലെ മികവ് പരിഗണിച്ച് കലാ- സാംസ്‌കാരിക വിഭാഗത്തിലാണ് അംഗീകാരം.
ജന്മഭൂമി ദിനപത്രം സീനിയർ സബ് എഡിറ്റർ വിനീത വേണാട്ടിന് പത്രപ്രവർത്തന മികവിനും അമൃത ടി.വി സീനിയർ പ്രൊഡ്യൂസർ ശ്രീദേവി ജി.ആറിന് ശാസ്ത്ര റിപ്പോർട്ടിംഗിനും പുരസ്‌കാരം ലഭിച്ചു. വൈദ്യരംഗത്തെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നതിനു ദേശീയ വാരികയായ കേസരിയുടെ പത്രാധിപർ ഡോ. എൻ.ആർ.മധുവിനും പുരസ്‌കാരമുണ്ട്.
പത്തുപേരെയാണ് വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരങ്ങൾ 29ന് വൈകിട്ട് 4ന് ന്യൂഡൽഹിയിലെ എൻ.ഡി.എം.സി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
ആർ.എസ്.എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബലെ മുഖ്യാതിഥിയാകും. സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, കേന്ദ്രമന്ത്രി ശ്രീപദ് നായിക് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ഫൗണ്ടേഷൻ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആർ.ബാലശങ്കറാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |