തിരുവനന്തപുരം: കുറ്റകൃത്യങ്ങൾക്കെതിരെയുള്ള പരാതികളിൽ വേഗത്തിൽ നടപടിയെടുക്കുന്നതിന് പുതിയ പദ്ധതികളുമായി ആഭ്യന്തരവകുപ്പ്. പൊലീസിന്റെ സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി എച്ച്‌എം ആക്‌ട്‌സ്, ഹോം എന്നിങ്ങനെ രണ്ട് ഡിജിറ്റൽ പദ്ധതികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ആഭ്യന്തര മന്ത്രിക്ക് ലഭിക്കുന്ന പരാതി താഴേതട്ടിലുള്ള ഉദ്യോഗസ്ഥരിലേക്ക് എളുപ്പത്തിൽ കൈമാറുന്നതിനായുള്ള പദ്ധതിയാണ് എച്ച്എം ആക്‌ട്‌സ്. പുതുതായി രജിസ്റ്റർ ചെയ്യുന്ന എഫ്‌ഐആറുകളെക്കുറിച്ചുള്ള വിവരം വേഗത്തിൽ ആഭ്യന്തര മന്ത്രിക്ക് ലഭ്യമാകുന്നതിനുവേണ്ടിയുള്ള പദ്ധതിയാണ് ഹോംസ്. ഇതിനുപുറമെ പൊലീസ് വകുപ്പിലെ വനിതാ പ്രാധിനിത്യം 30 ശതമാനമായി ഉയർത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'വേഗത്തിൽ കാര്യങ്ങൾ നടപ്പിലാക്കേണ്ട കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടാണ് പുതുതായി രണ്ട് ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. അതിലൊന്ന് എച്ച്‌എം ആക്‌ട്‌സ്. രണ്ടാമത്തേത് ഹോംസ്. എച്ച്‌എം ആക്‌ട്‌സ് എന്ന് പറയുന്നത്, ആഭ്യന്തരവകുപ്പ് മന്ത്രിക്ക് കിട്ടുന്നൊരു പരാതി കൃത്യമായി താഴേത്തലങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ളതാണ്. അതിൽ പരിഹാരം കണ്ടെത്തി പരാതിക്കാരെ കൃത്യമായി വിവരം അറിയിക്കാനും പദ്ധതി സഹായിക്കും'- രമേശ് ചെന്നിത്തല പറഞ്ഞു.
പരാതിയുടെ നിലവിലെ സ്ഥിതിയെന്തെന്ന് പരാതിക്കാരന് തിരിച്ചറിയാനാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഇനിമുതൽ അങ്ങനെയായിരിക്കില്ലെന്നും രമേശ് ചെന്നിത്തല അറിയിച്ചു. പരാതിയിന്മേൽ സ്വീകരിക്കുന്ന നടപടിയുടെ വിവരങ്ങൾ കൃത്യമായി പരാതിക്കാരന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ പ്രധാന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവര കണക്കുകളും അടിയന്തര ശ്രദ്ധ ആവശ്യമായിട്ടുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും ആഭ്യന്തര മന്ത്രിക്ക് തത്സമയം ലഭ്യമാകുന്നതിനുവേണ്ടിയുള്ള പദ്ധതിയാണ് ഹോംസ്. അതിനായി പ്രത്യേക ഡാഷ്‌ബോർഡ് ഉണ്ടാകും. അവിടെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആഭ്യന്തര വകുപ്പിനും മന്ത്രിക്കും ലഭിക്കുന്ന വിധത്തിൽ സജീകരിക്കും. എന്നാൽ, അന്വേഷണത്തിൽ ഇടപെടില്ല. രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ സുരക്ഷിതമായി നിലനിർത്തിക്കൊണ്ടുതന്നെ സ്ഥിതിവിവരക്കണക്കുകൾ അറിയുന്നതിനായാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളും വ്യക്തിഗത വിവരങ്ങളും ഡാഷ്‌ബോർഡിൽ പ്രദർശിപ്പിക്കില്ല'- രമേശ് ചെന്നിത്തല പറഞ്ഞു. കേരള പൊലീസിലെ സിസിടിഎൻഎസ് വിഭാഗമാണ് പദ്ധതികൾക്കായുള്ള സോഫ്‌റ്റ്‌വെയർ തയ്യാറാക്കിയതെന്നും ഒരു പൈസപോലും ഇതിനായി ചെലവായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala has launched two digital initiatives, HM Acts and HOMES, to speed up police action on complaints and monitor crime data.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |