SignIn
Kerala Kaumudi Online
Wednesday, 27 May 2026 9.13 AM IST

'ശബരിമലയിൽ യുവതീ പ്രവേശനം തീരുമാനിക്കേണ്ടത് ആചാരകാര്യങ്ങളിൽ പാണ്ഡിത്യമുള്ളവർ, നിലപാട് മാറ്റിയെന്ന് പറയാനാകില്ല'

v-n-vasavan

തിരുവനന്തപുരം: 2018ലെ ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട നിലപാടിൽ വീണ്ടും വിശദീകരണവുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ. വിശ്വാസികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മും സർക്കാരും എപ്പോഴും സ്വീകരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപിയുടെ അഭിഭാഷകരാണ് സുപ്രീം കോടതിയിൽ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹർജി ഫയൽ ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന നിലപാട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


'ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ആചാര കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരുൾപ്പെടുന്ന വിദഗ്ധ സമിതിയായിരിക്കണം. ഇക്കാര്യം 2007ൽ സംസ്ഥാന സർക്കാർ സത്യവാങ്‌മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. എല്ലാ കാലത്തും വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ നിലപാട് മാ​റ്റിയെന്ന് പറയാൻ സാധിക്കില്ല. 2007ൽ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചതാണ്.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഭരണഘടനാ വിദഗ്ദൻമാരെ നിയോഗിച്ചിട്ടുണ്ട്. പാർട്ടി നിലപാടും സർക്കാരിന്റെ നിലപാടും ഒന്നുതന്നെയാണ്. വിശ്വാസികൾക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതിനോടൊപ്പമാണ് ഞാനും. പ്രതിപക്ഷം പറയുന്നത് വിലയ്‌ക്കെടുക്കേണ്ട. യഥാർത്ഥത്തിൽ കോടതിയിൽ നിന്ന് ഇത്രയധികം തിരിച്ചടി ഉണ്ടായിട്ടുള്ള പ്രതിപക്ഷം ഇതിനുമുൻപ് കേരളത്തിൽ ഉണ്ടായിട്ടുണ്ടോ? യഥാർത്ഥത്തിൽ ഞങ്ങൾക്ക് കോടതിയിൽ നല്ല അഭിപ്രായം വാങ്ങിത്തന്ന പ്രതിപക്ഷത്തോട് നന്ദി പറയുകയാണ്.

അന്ന് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യത്തിൽ വിധിയുണ്ടാക്കാൻ ശ്രമിച്ചത് ബിജെപിയാണ്. അവരുടെ അഭിഭാഷകരാണ് സുപ്രീം കോടതിയിൽ കേസെത്തിച്ച് വിധി പറയിപ്പിച്ചത്. അതിന് കേരളത്തിലെ ബിജെപി ചായ്‌വുള്ള പത്രം എഴുതിയത് ചരിത്രപരമായ വിധിയെന്നാണ്. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ അതെല്ലാം മാറി. ഇക്കാര്യത്തിൽ പാർട്ടിക്ക് യാതൊരു ആശങ്കയുമില്ല'- വി എൻ വാസവൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VASAVAN, SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA