പാനൂർ: ശനിയാഴ്ച ഉച്ചയ്ക്കാണ് ചമ്പാട് അരയാക്കൂൽ ജന്മീന്റവിട പുഷ്പലത വീടുപൂട്ടി പുറത്തുപോയത്. വൈകിട്ട് ആറോടെ തിരിച്ചെത്തിയപ്പോൾ ആകെ പന്തികേട്. വാതിൽ തുറന്നുകിടക്കുന്നു. വരാന്തയിൽ മലമൂത്രവിസർജനം നടത്തിയിരിക്കുന്നു. അകത്തുകയറി നോക്കിയപ്പോൾ, മുറിയിലെ സീലിംഗ് ഫാനിന്റെ ലീഫുകൾ ഒടിഞ്ഞ നിലയിൽ. ടി.വിയും മേശയും അടുക്കളയിലെ മിക്സിയും മറിച്ചിട്ടിരിക്കുന്നു. വിലപിടിപ്പുള്ള എന്തെങ്കിലും നഷ്ടമായോ എന്നറിയാൻ വീടാകെ അരിച്ചുപെറുക്കി. ഭാഗ്യം, ഒന്നും പോയിട്ടില്ല. ആകെ കൊണ്ടുപോയത് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മിഠായികൾ മാത്രം! പുഷ്പലതയുടെ പരാതിയെത്തുടർന്ന് 'മിഠായി കള്ളന്മാരെ" പൂട്ടാൻ പാനൂർ എസ്.ഐ മരിയ പ്രിൻസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും.
സ്കൂൾ ക്യാന്റീനിലും മോഷണം
ചമ്പാട് ചേതാവൂർ ഹയർ സെക്കൻഡറി സ്‌കൂൾ ക്യാന്റീനിലും 'മിഠായി കൊള്ള" നടന്നു. ഞായറാഴ്ച രാവിലെയാണ് വിവരം പുറത്തറിയുന്നത്. വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് മിഠായികൾ മാത്രമാണ് കവർന്നത്. പാനൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |