
തിരുവനന്തപുരം: പി.എസ്.സിയുടെ ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് സ്പെഷ്യൽ റിക്രൂട്ട്മെന്റിൽ,മുൻ എസ്.എഫ്.ഐ നേതാവിന് വഴിവിട്ട് ഒന്നാം റാങ്ക് നൽകി നിയമന ശുപാർശ നടത്തിയതായി പരാതി. പൊലീസ് ബറ്റാലിയൻ കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ മെയിൻ ലിസ്റ്റിൽ ഉൾപ്പെടാതിരുന്ന എറണാകുളം മഹാരാജാസ് കോളേജിലെ മുൻ എസ്.എഫ്.ഐ നേതാവും ക്രിമിനൽ കേസ് പ്രതിയുമായ ജിതിൻ കെ.ജെയ്ക്കാണ് നിയമനം നൽകിയത്.
2025 സെപ്തംബറിലാണ് ഡിവൈ.എസ്.പി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 17,000ത്തോളം പേർ അപേക്ഷിച്ചു.
മാസങ്ങൾ നീളുന്ന നടപടികൾ വേഗത്തിലാക്കി,ഡിസംബർ 25ന് എഴുത്തുപരീക്ഷ നടത്തി. തുടർന്ന് 2026 മാർച്ച് 26ന് ഫിസിക്കൽ ടെസ്റ്റും ഏപ്രിൽ 26ന് 35 പേരുടെ ഇന്റർവ്യൂവും പൂർത്തിയാക്കി. മേയ് 6ന് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു നേരിട്ട് പങ്കെടുത്ത ഇന്റർവ്യൂവിൽ,എഴുത്തു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെ പിന്നിലാക്കാൻ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകിയെന്നാണ് ആക്ഷേപം.
അതേസമയം,പി.എസ് .സി അഡ്വൈസ് മെമ്മോ നൽകിയെങ്കിലും ജിതിന് ഇതുവരെ പൊലീസ് ട്രെയിനിംഗിന് പ്രവേശിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ഇതിനാൽ,വിജ്ഞാപനം മുതൽ റാങ്ക് പട്ടിക വരെയുള്ള നടപടികളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |