
തിരുവനന്തപുരം: ആധാരമെഴുത്തുകാരും പകർപ്പെഴുത്തുകാരും സ്റ്റാമ്പ് വെണ്ടർമാരും ഉൾപ്പെടുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ വായ്പ ഇരട്ടിയാക്കി. മൂന്ന് ലക്ഷത്തിൽ നിന്ന് ആറ് ലക്ഷമാണ് ഉയർത്തിയത്. 2013ലെ ക്ഷേമനിധി പദ്ധതിയിൽ ഇതിനുള്ള ഭേദഗതി വരുത്തി നികുതി വകുപ്പ് വിജ്ഞാപനമിറക്കി.
ക്ഷേമനിധി അംഗവും പഠിക്കുന്ന കുട്ടിയും നൽകുന്ന ബോണ്ടിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തിഗത വായ്പാതുക ഒന്നര ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമാക്കിയിട്ടുണ്ട്. വായ്പ നൽകുന്ന വ്യവസ്ഥകളിലും മാറ്റം വരുത്തി. ആറ് ലക്ഷത്തിന്റെ വായ്പ വസ്തു ഈടിന്മേലും മൂന്ന് ലക്ഷം വരെ കരം അടച്ച രസീത് സ്വീകരിച്ചുകൊണ്ടുമാവും നൽകുക. വായ്പാ തിരിച്ചടവ് സുഗമമാക്കാനാണിത്. ക്ഷേമപെൻഷൻ 500 രൂപ കൂടി വർദ്ധിപ്പിച്ച് 2,500 ആക്കണമെന്ന ആവശ്യവും പരിഗണനയിലാണ്. ഒരാൾക്ക് ഒരു പെൻഷൻ എന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. ക്ഷേമനിധി അംഗങ്ങളിൽ പലർക്കും സാമൂഹ്യ സുരക്ഷാ പെൻഷനായി 2500 രൂപ ലഭിക്കുന്നുണ്ട്. സർക്കാർ തീരുമാനമനുസരിച്ച് ഇത് നഷ്ടമാവുന്ന സാഹചര്യത്തിലാണ് വർദ്ധന ആവശ്യപ്പെട്ടത്.
7200 അംഗങ്ങൾ
നിലവിൽ ക്ഷേമനിധിയിൽ 7200 അംഗങ്ങളാണുള്ളത്. 200 രൂപയാണ് പ്രതിമാസ വിഹിതം. അംഗങ്ങൾക്ക് പ്രതിവർഷം 6000 രൂപ ഫെസ്റ്റിവൽ അലവൻസുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |