SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.01 PM IST

പ്രസിദ്ധമായ മുസ്ലിംപള്ളികളുടെ ശില്പി,​ മോസ്‌ക്‌മാൻ ഗോപാലകൃഷ്ണൻ അന്തരിച്ചു

gopalakrishna-
ജി. ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: പ്രമുഖ ആർക്കിടെക്ടും സംസ്ഥാനത്തെ പ്രധാന മുസ്ലിംപള്ളികളുടെ ശില്പിയുമായ തിരുവനന്തപുരം പാളയം ടി.സി 14/1131 ആലുംകണ്ടത്ത് ഹൗസിൽ ജി. ഗോപാലകൃഷ്ണൻ (90) അന്തരിച്ചു. നിരവധി മസ്ജിദുകളുടെ ശില്പി എന്ന നിലയിൽ 'മോസ്‌ക്‌മാൻ' എന്നാണ് അറിയപ്പെട്ടിരുന്നത്. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തിൽ.


ബിൽഡിംഗ് കോൺട്രാക്ടറായിരുന്ന പിതാവ് ഗോവിന്ദനൊപ്പം 1961ൽ ഓടുമേഞ്ഞ പാളയം പള്ളി പുതുക്കിപ്പണിയുന്നതിൽ ഗോപാലകൃഷ്ണനും പങ്കാളിയായിരുന്നു. ബീമാപള്ളി, കടുവാപള്ളി, ആലംകോട് പള്ളി, താജ്മഹൽ മാതൃകയിൽ നിർമ്മിച്ച കരുനാഗപ്പള്ളിയിലെ മസ്ജിദ്, ശബരിമലയിലെ എരുമേലി ജുമാമസ്ജിദ് എന്നിവ ഗോപാലകൃഷ്‌ണന്റെ നിർമ്മാണമികവ് തെളിയിക്കപ്പെട്ടവയാണ്.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നൂറാമതായി നിർമ്മിച്ചത് കോട്ടയം ജില്ലയിലെ കോട്ടാങ്കൽ ജമാഅത്ത് പള്ളിയായിരുന്നു. എരുമേലി വാവരുപള്ളി, പേട്ട തുള്ളിയെത്തുന്ന അയ്യപ്പൻമാരെയും നിസ്‌കരിക്കാനെത്തുന്ന മതവിശ്വാസികളേയും ഒരുമിച്ച് ഉൾക്കൊള്ളാവുന്ന തരത്തിലാണ് രൂപകല്പന ചെയ്തത്. മസ്ജിദുകൾക്കു പുറമെ ക്രിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും നിർമ്മിച്ചിട്ടുണ്ട്. ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ആകൃതിയിലാണ് നിർമ്മിച്ചത്.

രണ്ടു ക്ഷേത്രങ്ങളിൽ ആദ്യം നിർമ്മിച്ച ആലുങ്കണ്ടം ഭദ്രകാളി ക്ഷേത്രത്തിന് രഥത്തിന്റെ രൂപമാണ്. മസ്ജിദുകളുടെ ശില്പി എന്ന നിലയിൽ ഒട്ടേറെ ആദരവുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഭാര്യ: ജയ. മക്കൾ: ഗോവിന്ദ് ജൂനിയർ. ജി, ശ്രീനി ജി.ഗോവിന്ദ്, നീനി ജി.ഗോവിന്ദ്. മരുമക്കൾ: ലക്ഷ്മി (ആർക്കിടെക്ട്), അനീഷ (കെ.എസ്.ഇ.ബി, അസി.എൻജിനിയർ), സജിന (മദേഴ്‌സ് വെജ്പ്ലാസ,തിരുവനന്തപുരം).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOSKMAN GOPALAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA