SignIn
Kerala Kaumudi Online
Tuesday, 03 November 2026 2.40 AM IST

കേരള യൂണിവേഴ്‌സിറ്റിയിൽ നിയമലംഘനം: കരാർ അദ്ധ്യാപക നിയമനങ്ങളിൽ സംവരണ അട്ടിമറിക്ക് നീക്കം

READ ENGLISH VERSION
kerala-university

തിരുവനന്തപുരം: കേരള സർവകലാശാലയിൽ നൂറിലേറെ അദ്ധ്യാപക ഒഴിവുകളിലേക്കുള്ള കരാർ നിയമനത്തിൽ സംവരണം അട്ടിമറിക്കാൻ നീക്കം. എല്ലാ പഠന വകുപ്പുകളിലെയും ഒഴിവുകൾ കൂട്ടിച്ചേർത്തശേഷം സംവരണം പാലിച്ച് നിയമനം നടത്തണമെന്ന സർക്കാരിന്റെയും സർവകലാശാലയുടെയും ഉത്തരവുകളും യു.ജി.സിയുടെ നിബന്ധനകളും ലംഘിച്ച് ഒരു വർഷത്തെ കരാർ നിയമനത്തിന് ഇന്റർവ്യൂ നടന്നു വരുകയാണ് . ഉടനെ നിയമന ലിസ്റ്റാവും.

ഒരൊഴിവ് മാത്രമുള്ള വകുപ്പുകളിൽ സംവരണം പാലിച്ച് നിയമനം നടത്താനാവാത്ത സാഹചര്യം ഒഴിവാക്കാനാണ് നിബന്ധന കൊണ്ടുവന്നത് . പാർലമെന്റ് 2017 ജൂലായിൽ പാസാക്കിയ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്. ഓരോ വകുപ്പിലെയും ഒഴിവുകൾ വെവ്വേറെ കണക്കാക്കി നിയമനം നടത്താനാണ് യു.ഡി.എഫിന് ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റിന്റെ നീക്കം. പിന്നാക്ക,പട്ടിക വിഭാഗക്കാർക്ക് അർഹതപ്പെട്ട സംവരണ നിയമനങ്ങൾ നിഷേധിക്കാൻ ഇതിടയാക്കും.

ഉത്തരവിന് ആധാരം

കേരള കൗമുദി റിപ്പോർട്ട്

ഓരോ സർവകലാശാലയിലെയും മൊത്തം അദ്ധാപക ഒഴിവുകൾ ഒരു യൂണിറ്റായി കണക്കാക്കി നിയമനം നടത്തണമെന്ന് ഉമ്മൻചാണ്ടി സർക്കാർ 2014 ജൂലായ് 20 നാണ് ഉത്തരവിറക്കിയത്. നിയമനങ്ങളിലെ 'സിംഗിൾ യൂണിറ്റ്' കളിയിൽ പിന്നാക്ക,പട്ടിക വിഭാഗ സംവരണം വ്യാപകമായി അട്ടിമറിക്കുന്നത് ചൂണ്ടിക്കാട്ടിയ കേരള കൗമുദി റിപ്പോർട്ടുകളാണ് ഉത്തരവിനാധാരം.ഈ ഉത്തരവിൻ്റെ

അടിസ്ഥാനത്തിലാണ് , 1974ലെ സർവകലാശാലാ നിയമം ഭേദഗതി ചെയ്ത് കേരള സർവകലാശാല 2017 ഒക്ടോബർ 25ന് ( NO.AD.H/30651/2017) ഉത്തരവിറക്കിയത്.

45 ദിവസത്തെ നിയമത്തിനും

സംവരണം ബാധകം:യു.ജി.സി

കരാർ നിയമനമായതിനാൽ സംവരണ തത്വം ബാധകമല്ലെന്നാണ് അട്ടിമറിക്കാരുടെ വാദം. യു.ജി.സിയുടെ നിർദ്ദേശം മറച്ചു പിടിച്ചാണിത്. 45 ദിവസത്തേക്കോ ,അതിൽ കൂടുതലോ ഉള്ള എല്ലാ നിയമനങ്ങൾക്കും സംവരണം ബാധകമാണെന്ന് യു.ജി.സി സെക്രട്ടറി പ്രൊഫ.മനോജ് ജോഷി 2026 ഫെബ്രുവരി 16ന് രാജ്യത്തെ എല്ലാ വൈസ് ചാൻസലർമാർക്കും അയച്ച സർക്കുലറിൽ( D.O.NO.F.3-9/ 2024 (SCT/ INFORMATION) E-149946 ) നിഷ്കർഷിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA